സിദ്ധിവിനായക ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കുന്നതിന് വിലക്ക്

മുംബൈ: പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തില്‍ മെയ് 11 മുതല്‍ തേങ്ങ, മാല എന്നീ വഴിപാടുകള്‍ അനുവദിക്കില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു. പ്രസാദവും നല്‍കില്ല. ദക്ഷിണ മുംബൈയിലെ പ്രഭാദേവി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം വളരെ പ്രശസ്തമാണ്. സുരക്ഷാ കാരണങ്ങളാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ആയിരക്കണക്കിന് ആളുകള്‍ ദിവസവും ക്ഷേത്ര ദര്‍ശനം നടത്താറുണ്ടെന്ന് ശ്രീ സിദ്ധിവിനായക ഗണപതി മന്ദിര്‍ ട്രസ്റ്റ് ചെയര്‍മാന്‍ സദാ സര്‍വങ്കര്‍ പറഞ്ഞു. തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റിലാണ് ഈ ക്ഷേത്രമുള്ളത്.
സര്‍ക്കാരില്‍ നിന്നും പൊലീസില്‍ നിന്നും നിര്‍ദേശമുണ്ട്. പ്രസാദത്തില്‍ വിഷം കലര്‍ന്നേക്കാം. തേങ്ങ സമര്‍പ്പിക്കുന്നതും അപകടമുണ്ടാക്കിയേക്കാം. സുരക്ഷാ കാരണങ്ങളാല്‍ ഇത് ഒഴിവാക്കാനാണ് നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു. താല്‍ക്കാലികമായിട്ടുള്ള നിയന്ത്രണമാണ് ഇത്. ക്ഷേത്രത്തിന് പുറത്തുള്ള പുഷ്പ വ്യാപാരികളുമായും ക്ഷേത്ര ട്രസ്റ്റ് സംസാരിച്ചിട്ടുണ്ടെന്നും നിലവിലുള്ള സ്റ്റോക്ക് തീര്‍ക്കുന്നതിനായി മെയ് 11 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും സര്‍വങ്കര്‍ പറഞ്ഞു. ക്ഷേത്രത്തിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വിരമിച്ച 20 സായുധ സേനാംഗങ്ങളേയും നിയമിക്കുമെന്നും ഭക്തരുടെ സുരക്ഷ പൊലീസിന്റേയും ക്ഷേത്ര ട്രസ്റ്റിന്റേയും ഉത്തരവാദിത്തണമാണെന്നും അദ്ദേഹം പറഞ്ഞു.