സിദ്ധാർത്ഥന്റെ മരണം; പൊലീസ് പട്ടികയിലില്ലാത്ത ഒരാൾ കൂടി എഫ്ഐആറിൽ
കല്പറ്റ: സിദ്ധാർത്ഥന്റെ മരണത്തിൽ ചില വിദ്യാർത്ഥികളുടെ പേരുകൾ കുടുംബം മുന്നോട്ട് വെച്ചിരുന്നു. ഇവരിൽ ആരിലേക്കെങ്കിലും സിബിഐയുടെ അന്വേഷണം നീളുമോയെന്ന് വ്യക്തമല്ല. നിലവിൽ പേരൊന്നും പരാമർശിക്കാതെയാണ് 21-ാമത്തെ ആളെ സിബിഐ എഫ്.ഐ.ആറിൽ പ്രതി ചേർത്തിരിക്കുന്നത്. ദില്ലിയിൽ നിന്നുള്ള സിബിഐ സംഘം കഴിഞ്ഞ ദിവസം വയനാട്ടിൽ എത്തി പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി സിദ്ധാര്‍ത്ഥന്‍റെ അച്ഛന്റെ മൊഴി ചൊവ്വാഴ്ച എടുക്കും. സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശിനോട് ചൊവ്വാഴ്ച എത്താനാണ് സിബിഐ നിര്‍ദേശം നൽകിയിരിക്കുന്നത്. കല്‍പ്പറ്റ പൊലീസ് വഴിയാണ് ഇക്കാര്യം സിദ്ധാര്‍ത്ഥന്‍റെ കുടുംബത്തെ പൊലീസ് അറിയിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ സിബിഐ സംഘം വയനാട് ജില്ലാ പൊലീസ് മേധാവി ടി. നാരായണനുമായി സംസാരിച്ചിരുന്നു. സിദ്ധാർത്ഥന്‍റെ മരണം അന്വേഷിച്ച കൽപ്പറ്റ ഡിവൈഎസ്പി ടി എൻ സജീവനുമായും സിബിഐ ഉദ്യോഗസ്ഥർ സംസാരിച്ചു. വൈത്തിരി റസ്റ്റ് ഹൗസിലാണ് സിബിഐയുടെ താൽക്കാലിക ക്യാമ്പ് സജ്ജമാക്കിയിരിക്കുന്നത്. ദില്ലിയിൽ നിന്ന് ഒരു എസ്.പിയുടെ നേതൃത്വത്തിൽ നാലാംഗ സംഘമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. മലയാളികളായ ചില ഉദ്യോഗസ്ഥരും വരും ദിവസങ്ങളിൽ സംഘത്തോടൊപ്പം ചേരുമെന്നും സൂചനയുണ്ട്.
സിദ്ധാർഥൻ കേസിൽ അന്വേഷണം തുടങ്ങിയ സി.ബി.ഐ ക്ക് വേണ്ട സഹായങ്ങള്‍ എല്ലാം പൊലീസ് ചെയ്തുകൊടുക്കുമെന്ന് പൊലീസ് മേധാവിക്ക് നിർദേശം നൽകിക്കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. ക്യാമ്പ് ഓഫീസും വാഹനങ്ങളും മറ്റ് കേസ് അന്വേഷണത്തിന് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ ഉൾപ്പെടെ സഹായവും നൽകുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവിൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.