സിദ്ധാർത്ഥന്റെ മരണം; സിബിഐ പ്രാഥമിക കുറ്റപത്രം ഹാജരാക്കി

0

പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രാഥമിക കുറ്റപത്രം സിബിഐ കോടതിയിൽ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട പ്രതികളുടെ ജാമ്യ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾ സമർപ്പിച്ച ജാമ്യ ഹർജിയിൽ വെള്ളിയാഴ്ച കോടതി വാദം കേൾക്കും.

ജസ്റ്റിസ് പ്രദീപ് കുമാർ കുറ്റപത്രത്തിന്റെ പകർപ്പ് പ്രതികൾക്ക് നൽകാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഇരുപതോളം വിദ്യാർഥികളെയാണ് സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇരുപതാളം വിദ്യാർത്ഥികളിൽ പത്തോളം പേരാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ ജാമ്യ ഹർജിയെ സിബിഐ ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത് എന്ന് വാദിച്ചുകൊണ്ട് എതിർക്കുകയും പ്രാഥമിക കുറ്റപത്രം ഹാജരാക്കാൻ സിബിഐക്ക് കോടതി നിർദേശം നൽകുകയും ചെയ്തിരുന്നു. ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി സെഷൻസ് കോടതി തള്ളിയതിനെ തുടർന്ന് ജാമ്യാപേക്ഷയുമായി ഇവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

2024 ഫെബ്രുവരി 18ന് പ്രതികൾ പരസ്യ വിചാരണ നടത്തുകയും മർദ്ദിക്കുകയും ചെയ്തതിനെത്തുടർന്ന് സിദ്ധാർത്ഥനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി തങ്ങൾ ജയിലിലാണെന്നും പഠനം തടസ്സപ്പെട്ടുവെന്നും വസ്തുതകൾ പരിഗണിക്കാതെയാണ് സെഷൻസ് കോടതി തങ്ങൾ സമർപ്പിച്ച ജാമ്യ അപേക്ഷ തള്ളിയത് എന്നുമാണ് ജാമ്യാപേക്ഷയിൽ പ്രതികളായ വിദ്യാർത്ഥികൾ പറയുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *