സിദ്ദിഖിയുടെ കൊലപാതകത്തിന് കാരണം സൽമാനുമായുള്ള ബന്ധം? ലോറൻസ് ബിഷ്ണോയി സംഘമെന്ന് സംശയം
മുംബൈ∙ മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബ സിദ്ദിഖി വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രധാനമായും സംശയിക്കുന്നത് ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘത്തെ. അറസ്റ്റിലായ രണ്ടുപേർ തങ്ങൾ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിലുള്ളവരാണെന്ന് അവകാശപ്പെട്ടു. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ലോറൻസ് ബിഷ്ണോയും സംഘവും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഹരിയാന സ്വദേശി ഗുർമൽ സിങ്, യുപി സ്വദേശി ധരംരാജ് കാശ്യപ് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
ബോളിവുഡുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് ബാബ സിദ്ദിഖി. ഇദ്ദേഹം സംഘടിപ്പിക്കുന്ന പാർട്ടികളിൽ ഷാറൂഖ് ഖാനും സൽമാൻ ഖാനും ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ പങ്കെടുക്കാറുണ്ട്. സൽമാനും ഷാറൂഖും തമ്മിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിച്ചത് സിദ്ദിഖിയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൽമാൻഖാന്റെ വീടിനുനേരെ മാസങ്ങൾക്ക് മുൻപ് ലോറൻസ് ബിഷ്ണോയിയുടെ സംഘം വെടിവച്ചിരുന്നു. സൽമാനെ വധിക്കുമെന്നാണ് ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ ഭീഷണി.
സൽമാനുമായുള്ള ബന്ധമാണോ സിദ്ദിഖിയെ ലക്ഷ്യമിടാൻ കാരണമെന്ന് പൊലീസ് പരിശോധിക്കുന്നു. ബാന്ദ്ര ഈസ്റ്റിലെ സിദ്ദിഖിയുടെ മകന്റെ ഓഫിസിന് അടുത്തുവച്ചാണ് വെടിയേറ്റത്. ഇന്നലെ രാത്രി 9.30നാണ് വെടിവയ്പ്പുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ബാബ സിദ്ദിഖിയെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എൻസിപി പരിപാടികളെല്ലാം റദ്ദാക്കി.സുരക്ഷാ ഭീഷണി ഉള്ളതിനാൽ സിദ്ദിഖിക്ക് വൈ കാറ്റഗറി സുരക്ഷ നൽകിയിരുന്നു.
പഴ്സണൽ സെക്യൂരിറ്റി ഓഫിസറും ഒപ്പമുണ്ടായിരുന്നു. അക്രമികൾ രണ്ടു മൂന്നു റൗണ്ട് വെടിയുതിർത്തെന്ന് പൊലീസ് പറഞ്ഞു. ബാബ സിദ്ദിഖി 1999, 2004, 2009 വർഷങ്ങളിൽ തുടർച്ചയായി എംഎല്‍എയായിട്ടുണ്ട്. ഭക്ഷ്യ, സിവിൽ സപ്ലൈസ്, തൊഴിൽ, സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ അദ്ദേഹം കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ച് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു.