സിദ്ധാർത്ഥന്റെ മാതാപിതാക്കളെ സന്ദർശിച്ച് വൈസ് ചാൻസിലർ കെ എസ് അനിൽ

0

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാല വൈസ് ചാൻസിലർ ആയി ചുമതലയേറ്റ കെ എസ് അനിൽ സിദ്ധാർത്ഥന്റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു. നെടുമങ്ങാട്ടുള്ള സിദ്ധാർത്ഥന്റെ വീട്ടിലെത്തിയാണ് വൈസ് ചാൻസിലർ കെ എസ് അനിൽ മാതാപിതാക്കളെ കണ്ടത്. സിദ്ധാർത്ഥന്റെ അച്ഛനും അമ്മയ്‌ക്കും പറയാനുള്ളത് കേട്ടു എന്നും മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.

സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കമ്മീഷനെ നിയമിച്ചിരിക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ പറയുന്നില്ല എന്ന് പറഞ്ഞ അദ്ദേഹം റാഗിംഗ് പോലുള്ള കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള കാര്യങ്ങൾ കമ്മീഷന്റെ പരിധിയിലാണ് വരുന്നത് എന്നും കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനസഹായം നൽകുമെന്നും പറഞ്ഞു. സർവ്വകലാശാലയിലെ പുതിയ വൈസ് ചാൻസിലറോട് പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ട് എന്നും ഗവർണർ നിയോഗിച്ച അന്വേഷണ കമ്മീഷനിൽ വിശ്വാസമുണ്ടെന്നും സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ് പറഞ്ഞു.

മാർച്ച് 27നാണ് പൂക്കോട് വെറ്റിനറി സർവകലാശാല വി സിയായി ഡോ കെ എസ് അനിൽ നിയമിതനായത്. ഗവർണറുടെ കടുത്ത അതൃപ്തിയെ തുടർന്ന് സർവ്വകലാശാല വൈസ് ചാൻസിലർ ആയിരുന്ന ഡോ പി സി ശശീന്ദ്രൻ രാജിവച്ച ഒഴിവിലാണ് അനിൽ നിയമിതനായത്. മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസർ ആയിരുന്നു കെ എസ് അനിൽ.

സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന 33 വിദ്യാർത്ഥികളുടെ സസ്പെൻഷൻ സർവ്വകലാശാല വിസിയായിരുന്ന ഡോ പി സി ശശീന്ദ്രൻ പിൻവലിച്ചിരുന്നു. ഇത് രാജ്ഭവനിൽ അതൃപ്തി ഉണ്ടാക്കുകയും വി സിയെ ഗവർണർ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ അദ്ദേഹം രാജിവെക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *