തോളിനു പരുക്ക്, രഞ്ജി ട്രോഫി മത്സരം കളിക്കില്ലെന്നു വാർത്ത; വേണ്ട ഗൃഹപാഠം നടത്തിയിട്ട് എഴുതൂവെന്ന് അയ്യർ, രോഷം
മുംബൈ∙ തോളിനു പരുക്കേറ്റ ഇന്ത്യൻ താരം ശ്രേയസ് അയ്യർക്ക് ത്രിപുരയ്ക്കെതിരായ മുംബൈയുടെ അടുത്ത രഞ്ജി ട്രോഫി മത്സരം നഷ്ടാകുമെന്ന റിപ്പോർട്ടുകൾക്കെതിരെ താരം നേരിട്ട് രംഗത്ത്. ഇത്തരം വാർത്തകൾ നൽകും മുൻപ് വേണ്ട ഗൃഹപാഠം നടത്തണമെന്ന് അയ്യർ മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ലഘു കുറപ്പിലൂടെയാണ്, അനാവശ്യ വാർത്തകൾ നൽകുന്നതിലുള്ള അതൃപ്തി അയ്യർ പരസ്യമാക്കിയത്.രഞ്ജി ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കെതിരെ നടന്ന മത്സരത്തിൽ അയ്യർ സെഞ്ചറി നേടിയിരുന്നു.
ഇതിനു പിന്നാലെയാണ് അയ്യർക്ക് പരുക്കാണെന്ന് വാർത്ത പ്രചരിച്ചത്. അമിതവണ്ണവും അച്ചടക്കലംഘനവും നിമിത്തം യുവ ഓപ്പണർ പൃഥ്വി ഷായെ അടുത്ത മത്സരത്തിനുള്ള മുംബൈ ടീമിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതിനൊപ്പമാണ്, പരുക്കുമൂലം അയ്യരും കളിക്കില്ലെന്ന വാർത്ത പ്രചരിച്ചത്.ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് പങ്കുവച്ചയാൾക്കുള്ള മറുപടിയായാണ് അയ്യർ പ്രതികരണം അറിയിച്ചത്. ‘‘പ്രിയമുള്ളവരേ, വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനു മുൻപ് നമുക്ക് കാര്യമായിത്തന്നെ കുറച്ച് ഗൃഹപാഠം ചെയ്യണം’ – അയ്യർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.