ക്രൂരനായ അർബാബ് അല്ല സൗദിയിൽ, 3 മിനിറ്റ് ‘മറുപടി’ വൈറൽ, ആട് ജീവിതമല്ല ഫ്രണ്ട് ലൈഫ്
റിയാദ് ∙ സൗദിയിൽ വൈറലായി ഒരു കുഞ്ഞൻ ചിത്രം. സൗദിയിലെ മസ്റയിലെ ആടുജീവിതം പറയുന്ന വെറും മൂന്ന് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ദി ഫ്രണ്ട് ലൈഫ് ആണ് സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. ആട് ജീവിതത്തിലെ അർബാബ് ക്രൂരനെങ്കിൽ ഫ്രണ്ട് ലൈഫിൽ ആട്ടിടയനെ സഹോദര തുല്യം സ്നേഹിക്കുകയും ഉപചാരപൂർവ്വം സൽക്കരിക്കുകയും ചെയ്യുന്ന ഉദാരമതിയായ അർബാബിനെയാണ് കാണുന്നത്.
ഒരേ തളികയിൽ എല്ലാർക്കുമൊപ്പം പങ്കിട്ടു ഭക്ഷണം കഴിക്കുകയും നല്ല താമസയിടവും മെച്ചപ്പെട്ട ജീവിത സൗകര്യവും ആഴ്ചവട്ടത്തിലെ വിനോദങ്ങളും മടുപ്പിക്കാത്ത അന്തരീക്ഷവും നൽകുന്ന, സ്നേഹപൂർവം തോളിൽ കൈയ്യിട്ടു ചേർത്തു പിടിക്കുന്ന, പാരസ്പര്യത്തിന്റെ മാതൃകയായ നല്ലവനായ അർബാബിനെയാണ് ചിത്രം പരിചയപ്പെടുത്തുന്നത്.
ദിവസങ്ങൾക്കുള്ളിൽ 1 മില്യൻ ആളുകളാണ് ചിത്രം കണ്ടത്. സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മലയാളി യുവാവ് നജ്ജാത്ത് ബിൻ അബ്ദുറഹ്മാനാണ്. സൗദിയിൽ ജീവിക്കുന്ന പ്രവാസികളടക്കമുള്ളവർ ബഹുഭൂരിപക്ഷവും എറെ സന്തോഷത്തോടെയും സംതൃപ്തിയോടെയും കഴിയുന്നു എന്ന സന്ദേശമാണ് ഈ കുഞ്ഞൻ ചിത്രത്തിലൂടെ സംവിധായകനും അണിയറ പ്രവർത്തകരും നൽകുന്നത്.
ആട് ജീവിതം സിനിമയ്ക് മറുപടി മട്ടിലുള്ള കേവലം 3 മിനിറ്റ് കുഞ്ഞൻ ചിത്രത്തിന് പിന്നിൽ ഒരു കൂട്ടം യുവ സൗദി അറബ് സിനിമാ പ്രവർത്തകരാണ്. ആട് ജീവിതത്തിൽ പറയുന്നതല്ല സൗദിയെന്നും തൊഴിലാളികളെ രാജ്യം സംരക്ഷിക്കുന്നതെങ്ങയെന്നും പറയുന്ന ‘ഫ്രണ്ട് ലൈഫ്’ അഭിമാനത്തോടെയാണ് ഓരോരുത്തരും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നത്. മസ്റയിലെ ആട്ടിടയൻ മുജീബായി കേന്ദ്രകഥാപാത്രം അവതരിപ്പിച്ച മലയാളി യുവാവ് നജ്ജാത്ത് അഭിനേതാവായതും യാദൃശ്ചികമായിരുന്നു. സൗദിയിൽ സ്വകാര്യ സ്ഥാപനത്തിൽ പ്രോക്യൂർമെന്റ് സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുകയാണ് കാസർകോഡ് ചെമ്മനാട് സ്വദേശി നജ്ജാത്ത്.
∙ ഹൃസ്വ ചിത്രമെങ്കിലും സ്വദേശികൾ തിരിച്ചറിയുന്ന നജ്ജാത്തിന്റെ മുജീബ്
അറബ് പരസ്യചിത്രങ്ങളിൽ മോഡലായി അഭിനയിക്കുന്നതൊടൊപ്പം സിനിമാ അവസരങ്ങൾ തേടുന്ന നജ്ജാത്തിനെ ഈ കുഞ്ഞൻ ചിത്രത്തിലേക്കുള്ള കാസ്റ്റിങ് കോളുമായി സംവിധായകൻ ബന്ധപ്പെടുകയായിരുന്നു. ഒരു ഇന്ത്യക്കാരനെയായിരുന്നു കഥാപാത്രത്തെ അവതരിപ്പിക്കാൻ അവർ തേടിയിരുന്നതെന്ന് നജ്ജാത്ത് പറഞ്ഞു. മുൻപ് സൗദി അറേബ്യയിൽ ആദ്യമായി ചിത്രീകരിച്ച സതി എന്ന പ്രവാസി മലയാളം സിനിമയിൽ എടുത്തു പറയാവുന്ന പ്രധാന കഥാപാത്രത്തെ കൂടാതെ ചില ഷോർട്ട് ഫിലിമുകളിലുമൊക്കെ അഭിനയിച്ച മുൻപരിചയവുമായാണ് നജ്ജാത്ത് ഫ്രണ്ട് ലൈഫിലെ പിന്നണിപ്രവർത്തകരെ കാണാനെത്തിയത്.
സ്ക്രിപ്റ്റ് കണ്ടപ്പോഴാണ് ഇത് ആട് ജീവിതവമായി ബന്ധപ്പെട്ട കഥാപാത്രമാണെന്നും കഥയാണെന്നും നജ്ജാത്ത് മനസ്സിലാക്കുന്നത്. ഇത് തന്റെ ഭാഷയിലിറങ്ങിയ സിനിമയാണെന്ന് ധരിപ്പിച്ചതോടെ ‘ആട് ജീവിതം’ അറിയുന്ന മലയാളിയായ ഒരാളെ അഭിനയിക്കാൻ കിട്ടിയതിൽ സംവിധായകനും സന്തോഷമായി. റിയാദിന് 100 കിലോമീറ്റർ അകലെയുള്ള മസ്റയിലാണ് ചിത്രീകരണം നടത്തിയത്. സൗദിയിലെ പ്രശസ്ത മീഡിയ കമ്പനിയായ മീഡിയ വിൻഡോസാ പ്രൊഡക്ഷൻസായിരുന്നു ചിത്രം നിർമ്മിച്ചത്.
അറബ് വെബ്സീരീസ്, ചാനൽ, സിനിമാ, രംഗത്ത് പുതുതലമുറയിൽ ശ്രദ്ധേയനായ അബ്ദുൽ ആസീസായിരുന്നു സംവിധാനം നിർവഹിച്ചത്. കേവലം 3 മിനിറ്റ് ദൈർഘ്യമുള്ള ചിത്രമാണെങ്കിലും ഏറെ സൂക്ഷ്മതയും കൃത്യതയും ജാഗ്രതയും ചിത്രീകരണത്തിൽ പുലർത്തി. ദൈന്യതയുള്ള കണ്ണുകളും മുഖഭാവമുള്ള പ്രിത്വിരാജിന്റെ നജീബിന്റെ മുഖചിത്ര പോസ്റ്ററിനും മറുകുറിയായാണ് ദി ഫ്രണ്ട് ലൈഫ് പോസ്റ്റർ ഇറക്കിയത്. ഒരു വശത്ത് ദയനീയതയുള്ള പ്രിഥിരാജിന്റെ നജീബിന്റെ മുഖം പോസ്റ്ററിന്റെ ഒരു പകുതിയിലെങ്കിൽ മറുപകുതിയിൽ ചിരിക്കുന്ന മുജീബായ നജ്ജാത്തിന്റെ മുഖമാണ് നൽകിയത്.
∙ ഫുൾ പോസിറ്റീവ്, സന്തോഷം
ആട് ജീവിതം ഏതൊക്കെ കാര്യങ്ങളിൽ നെഗറ്റീവ് കാണിച്ചെന്നു കരുതുന്നതിനൊക്കെ ബദലായുള്ള പോസിറ്റീവ് കാഴ്ചയാണ് ചിത്രത്തിലാകമാനമുള്ളത്. സങ്കടമുയർത്തിയ പാട്ടിനും സംഗീതത്തിനും പകരം സന്തോഷത്തിന്റെയും സംതൃപ്തിയുടേയും ആഘോഷത്തിന്റെയും സംഗീതവും ഗാനവുമാണ് ഇതിൽ നൽകിയത്. സമൂഹമാധ്യമത്തിൽ ധാരാളം പേരാണ് ഫ്രണ്ട് ലൈഫ് ഷെയർ ചെയ്യുന്നത്.
കൂടുതൽ കാഴ്ക്കാർ ഒമാനിൽനിന്നാണെന്ന് നജ്ജാത്ത് പറയുന്നു. ക്രൂരനായ അർബാബായി അഭിനയിച്ച ഒമാനി നടനോടുളള പ്രതിഷേധമെന്നോണം ഒമാനികളാണ് സിനിമയെ സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നതെന്ന് നജ്ജാത്ത് പറയുന്നു. ഇതിൽ അഭിനയിച്ചതിന് ചില കേന്ദ്രങ്ങളിൽ നിന്ന് സംഘടിത സ്വഭാത്തിലുള്ള വിരുദ്ധ, വിമർശന അഭിപ്രായങ്ങളും ഇതിനോടകം നേരിടേണ്ടി വന്നതായും അതിനെ വ്യക്തിപരമായി കാണുന്നില്ലെന്നും നജ്ജാത്ത് പറയുന്നു.
∙ അറബ് സിനിമയിലേക്ക് വാതിൽ തുറന്ന് ദി ഫ്രണ്ട് ലൈഫ്
ചെറു സിനിമയെങ്കിലും ഇതിൽ അഭിനയിച്ചതോടെ അറബ് സിനിമയിലേക്കുള്ള സാധ്യതകളാണ് മലയാളി താരം നജ്ജാത്ത് ലഭിച്ചിരിക്കുന്നത്. ബ്രിട്ടിഷ് സംവിധായകന്റെ അറബ് ചിത്രത്തിലേക്കുള്ള ക്ഷണം ഇതിനോടകം നജ്ജാത്തിന് ലഭിച്ചു.’ നിരവധി പരസ്യങ്ങളും ഫോട്ടോഷൂട്ടുകളും കിട്ടുന്നുണ്ട്. മാളുകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലുമൊക്കെ വെച്ച് സ്വദേശികൾ തന്നെ തിരിച്ചറിഞ്ഞ് അഭിനന്ദിക്കാനെത്തുന്നു’ – അഭിമാനത്തോടെ ഈ യുവതാരം പറയുന്നു. റിയാദിലെ മലയാളി കലാസാംസ്കാരിക സംഘടനകളിലും കലാപ്രവർത്തനങ്ങളിലും നാടകവേദികളിലും ഏറെ സജീവമാണ് നജ്ജാത്ത്.