ഉത്സവത്തിനിടെ വെടിവെപ്പ് ;7പേര്‍ പിടിയിൽ, 4 പേർ ഒളിവിൽ

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടെ വെടിവെപ്പുണ്ടായ സംഭവത്തിൽ ഏഴു പേര്‍ പിടിയിൽ. മുഖ്യപ്രതികളായ നാലു പേര്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഒളിവിലുള്ള പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസമാണ് ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടയിൽ ഉണ്ടായ സംഘർഷത്തിൽ എയർഗൺ കൊണ്ട് ചെമ്പ്രശ്ശേരി സ്വദേശി ലുക് മാനിന് വെടിയേറ്റത്. സംഘര്‍ഷത്തിൽ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴുത്തിന് വെടിയേറ്റ് സാരമായി പരിക്കേറ്റ ലുക്മാനടക്കം നാല് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് മൂന്ന് പേരില്‍ രണ്ടു പേരുടെ കൈ പൊട്ടി. തലയ്ക്കും കാലിനും പരിക്കേറ്റിട്ടുമുണ്ട്. എയര്‍ഗണ്ണും പെപ്പര്‍ സ്പ്രേയുമായി ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. അക്രമണത്തിന്‍റെ കാരണം അറിയില്ലെന്നാണ് പരിക്കേറ്റവര്‍ പറയുന്നു. ഇരുപതോളം പേര്‍ അടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. ഇവര്‍ സ്ഥിരം ക്രിമിനലുകളാണെന്ന് പരിക്കേറ്റവര്‍ ആരോപിച്ചു.എയര്‍ഗണ്‍ ഉപയോഗിച്ച് നാല് വട്ടം വെടി ഉതിര്‍ത്തെന്നും പരിക്കേറ്റവര്‍ പറയുന്നു. പ്രദേശത്ത് നേരത്ത ചെറിയ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് സൂചന. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് പുറമെ മഞ്ചേരി, പാണ്ടിക്കാട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങിലും പരിക്കേറ്റവര്‍ ചികിത്സ തേടിയിട്ടുണ്ട്.