ഫ്ലോറിഡ സര്‍വകലാശാലയില്‍ വെടിവയ്‌പ്പ്; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം.

ഫ്ലോറിഡ: യുഎസിലെ ഫ്ലോറിഡ സ്റ്റേറ്റ് സര്‍വകലാശാലയില്‍ തോക്കുമായെത്തിയ വിദ്യാര്‍ഥി രണ്ട് പേരെ വെടിവച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. സര്‍വകലാശാലയിലെ തന്നെ വിദ്യാര്‍ഥിയും ഫ്ലോറിഡയിലെ പൊലീസ് ഉദ്യോഗസ്ഥന്‍റെ മകനുമാണ് പ്രതി. സംഭവത്തിനിടെ സ്ഥലത്തെത്തിയ പൊലീസ് ഇയാളെ വെടിവച്ചിട്ടു.
20കാരനായ പ്രതി പിതാവിന്‍റെ സര്‍വീസ് റിവോള്‍വറുമായാണ് കോളജിലെത്തി വെടിയുതിര്‍ത്തത്. തോക്കുമായി കോളജിലെത്തിയ ഇയാള്‍ അവിടെയുണ്ടായിരുന്നവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
ക്യാമ്പസില്‍ നിന്നും പത്ത് തവണ വെടിയൊച്ച കേട്ടതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പരിഭ്രാന്തരായ വിദ്യാര്‍ഥികള്‍ ക്യാമ്പസിലൂടെ പരക്കം പാഞ്ഞു.വിവരം അറിഞ്ഞ പൊലീസ് സര്‍വകലാശാലയില്‍ എത്തുകയായിരുന്നു. ക്യാമ്പസിനുള്ളില്‍ വെടിയുതിര്‍ക്കുന്നത് കണ്ട ഇയാളെ പൊലീസ് വെടിവച്ചിട്ടു. നിലത്ത് വീണ പ്രതിയെയും വെടിവയ്‌പ്പില്‍ മരിച്ചവരെയുമെല്ലാം ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ പ്രതിയുടെ ആരോഗ്യ നില സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പൊലീസ് പുറത്ത് വിട്ടിട്ടില്ല. അതേസമയം കൊല്ലപ്പെട്ട രണ്ട് പേരും വിദ്യാര്‍ഥികളെന്ന് പൊലീസ് അറിയിച്ചു.
40,000ത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍വകലാശാലയാണിത്. സംഭവത്തിന് ഇന്ന് ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.