‘ഷോക്കടിപ്പിച്ചു സ്വകാര്യഭാഗങ്ങളിൽ’ മനുഷ്യത്വരഹിത പീഡനം; വിവസ്ത്രനായി കേണപേക്ഷിച്ച് രേണുകസ്വാമി’
ബെംഗളൂരു∙ രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കർണാടക പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. രേണുകസ്വാമിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം പ്രതികൾ ചേർന്ന് ഷോക്കടിപ്പിച്ചെന്നും ശരീരത്തിൽ 39 ഇടത്ത് മുറിവുകൾ കണ്ടെത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. വിവസ്ത്രനായി കേണപേക്ഷിക്കുന്ന രേണുകസ്വാമിയുടെ പ്രതികൾ പകർത്തിയ ചിത്രങ്ങളും പൊലീസ് കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കൊലപാതക കേസ് അന്വേഷിക്കുന്ന കർണാടക പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ജയിലിൽ കഴിയുന്ന കന്നഡ സൂപ്പർസ്റ്റാർ ദർശന്റെയും നടി പവിത്ര ഗൗഡയുടെയും പങ്കിനെ കുറിച്ചും അവരുടെ ഭാഗത്ത് നിന്നുണ്ടായ മനുഷ്യത്വരഹിതമായ പീഡനത്തെ കുറിച്ചും വിശദമാക്കുന്നതാണ് 3991 പേജുകളുള്ള കുറ്റപത്രം.
കൊല്ലപ്പെടുന്നതിന് മുന്‍പും ശേഷവും പ്രതികള്‍ രേണുകസ്വാമിയുടെ ചിത്രങ്ങള്‍ പകർത്തിയെന്നാണ് പൊലീസ് പറയുന്നത്. വിവസ്ത്രനായി കേണപേക്ഷിക്കുന്ന രേണുകസ്വാമിയുടെ ചിത്രവും മൃതദേഹത്തിന്റെ ചിത്രവുമാണ് പുറത്തുവന്നിരിക്കുന്നത്. പ്രതികളിൽ ചിലർ തന്നെയാണ് ഇത് മൊബൈലില്‍ പകര്‍ത്തിയതെന്നാണ് സൂചന.
‘‘ദർശനും സംഘവും മർദിച്ചതിനെ തുടർന്ന് രേണുകസ്വാമിയുടെ നെഞ്ചിലെ എല്ലുകൾ തകർന്നിരുന്നു. ശരീരത്തിലുടനീളം 39 മുറിവുകളുണ്ട്. തലയിലും ആഴത്തിലുള്ള മുറിവുണ്ട്.” കുറ്റപത്രത്തിൽ പറയുന്നു. രേണുകസ്വാമിയുടെ സ്വകാര്യ ഭാഗങ്ങളിൽ വൈദ്യുതാഘാതം ഏൽപ്പിക്കാൻ ഇൻസുലേഷൻ പ്രതിരോധം അളക്കാൻ ഉപയോഗിക്കുന്ന മെഗ്ഗർ മെഷിൻ എന്ന വൈദ്യുത ഉപകരണമാണ് സംഘം ഉപയോഗിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. രേണുകസ്വാമി വെട്ടേറ്റ് കൊല്ലപ്പെടുന്നതിന് മുൻപ് കേട്ടുകേൾവിയില്ലാത്തതും മനുഷ്യത്വരഹിതവുമായ പീഡനങ്ങൾ സഹിച്ചിട്ടുണ്ടെന്ന് തന്നെയാണ് കുറ്റപ്പത്രത്തിൽ ആരോപിക്കുന്നത്.
കൊലപാതകത്തിന് ശേഷം ദർശനും പവിത്ര ഗൗഡയും മറ്റ് പ്രതികളും ചേർന്ന് പണവും സ്വാധീനവും ഉപയോഗിച്ച് മൃതദേഹം സംസ്‌കരിക്കുകയും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്. കുറ്റാരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ മറ്റു വ്യക്തികളെ കുടുക്കാനും ഇവർ ശ്രമിച്ചു. ദർശനിൽനിന്ന് പിടിച്ചെടുത്ത വസ്ത്രങ്ങളിൽ രേണുകസ്വാമിയുടെ രക്തത്തിന്റെ അംശം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകൽ, തടങ്കലിൽ വയ്ക്കൽ, പീഡനം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് ദർശനെതിരെ കേസെടുത്തിരിക്കുന്നത്.
കൊലപാതകത്തിന് ശേഷം ദർശൻ “പിശാച്” എന്ന സിനിമയുടെ ചിത്രീകരണത്തിനായി മൈസൂരുവിലേക്ക് പോയിരുന്നു. തുടർന്ന് എസിപി ചന്ദൻ കുമാറിന്റെ നേതൃത്വത്തിലുള്ള ബെംഗളൂരു പൊലീസാണ് ഇയാളെ ഒരു ഹോട്ടലിൽ നിന്ന് അറസ്റ്റ് ചെയ്തത്. കുറ്റപത്രത്തിൽ ഒന്നാം പ്രതിയായി നടി പവിത്രയെയും രണ്ടാം പ്രതിയായി ദർശനെയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരുൾപ്പെടെ 14 പ്രതികളാണ് രേണുകസ്വാമി കൊലപാതക കേസിലെ പ്രതികൾ.
അതിനിടെ കേസിൽ ദർശനെ രണ്ടാം പ്രതിയാക്കിയതോടെ, കോടതിയിൽ ജാമ്യാപേക്ഷ നൽകാനൊരുങ്ങുകയാണ് ഇയാളുടെ അഭിഭാഷക സംഘം. എന്നാൽ ജയിലിനുള്ളിൽ ആഡംബര സൗകര്യങ്ങൾ ലഭിച്ചതുമായി ബന്ധപ്പെട്ട് പുതിയ മൂന്ന് കേസുകളിൽ കൂടി ദർശൻ പ്രതിയായതിനാൽ, ജാമ്യം ലഭിക്കാൻ സാധ്യതയില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.