രാജീവ് ചന്ദ്രശേഖർ കഴിവ് തെളിച്ചയാളെന്ന് ശോഭാ സുരേന്ദ്രൻ, ജനകീയ പ്രശ്നങ്ങൾ സംബന്ധിച്ച് നല്ല ധാരണയുള്ള നേതാവ് :വി.മുരളീധരൻ

തിരുവനന്തപുരം : രാജീവ് ചന്ദ്രശേഖർ കഴിവ് തെളിച്ചയാളെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷനാകുന്നത് സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. അദ്ദേഹം പ്രസ്ഥാനത്തെ നല്ലരീതിയിൽ മുന്നോട്ട് നയിക്കും.എല്ലായിപ്പോഴും സന്തോഷത്തോടെയാണ് ബിജെപി പ്രവർത്തകർക്കൊപ്പം നിൽക്കുന്നത്.പ്രതിപക്ഷം മയക്കുമരുന്നിനെതിരെ ഒരു പ്രതിഷേധം പോലും നടത്തുന്നില്ല. ബിജെപി എല്ലാ വിഷയങ്ങളും ഏറ്റെടുക്കുന്നു. തിരുവനന്തപുരത്ത് വളരെ കുറഞ്ഞ വോട്ടിനാണ് രാജീവ് ചന്ദ്രശേഖർ പരാജയപ്പെട്ടത്. അദ്ദേഹം ജനകീയനാണ്. അദ്ദേഹത്തെ തെരെഞ്ഞെടുത്തത് വളരെ സന്തോഷത്തോടെയാണ് കാണുന്നത്. അദ്ദേഹം കേന്ദ്രമന്ത്രിയായിട്ടുണ്ട്. അദ്ദേഹം വളരെ കൃത്യതയോടെ ബിജെപിയെ മുന്നോട്ട് നയിക്കും. തീരുമാനം ഏകകണ്ഠമാണ്. സന്തോഷത്തോടെ സ്വീകരിക്കുന്നു.
ജനകീയ പ്രശ്നങ്ങൾ സംബന്ധിച്ച് രാജീവിന് നല്ല ധാരണയാണുള്ളത്. പാർട്ടി സംവിധാനവും അറിയാം, യാതൊരുവിധ സ്റ്റാർട്ടിങ് ട്രബിളും അദ്ദേഹത്തിന് ഇല്ലെന്നും വി മുരളീധരൻ വ്യക്തമാക്കി.ദേശീയ നേതൃത്വത്തിൻ്റെ നിർദ്ദേശ പ്രകാരമാണ് രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തിട്ടുള്ളത്. തീരുമാനം ഏകകണ്ഠമാണ് . സംസ്ഥാന അധ്യക്ഷനുമായി ബന്ധപ്പെട്ട് കൂടുതൽ നാമനിർദ്ദേശപത്രികകൾ വരില്ലെന്നും ഇനി മുതൽ വർക്കിംഗ് പ്രസിഡന്റ് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടയിൽ, ബിജെപിയെ രക്ഷപ്പെടുത്താൻ ആര് വിചാരിച്ചാലും സാധിക്കില്ലെന്ന പ്രസ്താവനയുമായി സിപിഐഎം നേതാവ് ഇപി ജയരാജൻ രംഗത്തുവന്നു. കെ.സുരേന്ദ്രൻ കൊള്ളാത്തത് കൊണ്ടാണ് മാറ്റിയത്. പുതിയ പ്രസിഡൻ്റ് വരട്ടെ, കാണാം. രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ജയരാജന്റെ ഈ പ്രതികരണം.