സ്നേഹിച്ച് സ്നേഹിച്ച് അപമാനിക്കരുത്: ശോഭാ സുരേന്ദ്രൻ
പാലക്കാട്∙ പാലക്കാട്ടെ യുഡിഎഫിന്റെ സ്ഥാനാർഥി തന്നെ അത്ര കണ്ട് സ്നേഹിക്കേണ്ട ആവശ്യമില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ‘‘എനിക്ക് യാതൊരു പരിഭവവുമില്ല. സ്ഥാനാർഥിത്വത്തിനു വേണ്ടി കേരളത്തിൽ അങ്ങോളമിങ്ങോളം ഓടി നടക്കുന്ന ആളല്ല ഞാൻ. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പോലും പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനോടും ദേശീയ നേതൃത്വത്തോടും മത്സരിക്കാനില്ലെന്നാണ് പറഞ്ഞത്. ഒരു ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ നിന്നും ഇരുപത്തിയെട്ടാം ദിവസമാണ് മത്സരിക്കാനായി പോയത്. എന്നെ സ്ഥാനാർഥി മോഹിയായി ചിത്രീകരിക്കുന്നതു തന്നെ വ്യക്തിപരമായി ദുഃഖകരമാണ്.’’ – ശോഭാ സുരേന്ദ്രൻ പറഞ്ഞു.
‘‘ഇത്തവണ മതേതരത്വത്തിന്റെയും വർഗീയതയുടെയും പേരിലാണ് യുഡിഎഫും എൽഡിഎഫും വോട്ടു ചോദിക്കുന്നത്. അവർ രണ്ടു പേരും തുറന്ന വ്യാജ മതേതരത്വത്തിന്റെ കട ഞങ്ങൾ പൂട്ടിക്കും. ഭാവാത്മക മതേതരത്വത്തിന്റെ കട ഞങ്ങൾ തുറക്കും. മൂന്നിടത്തും എല്ലാ ദിവസവും പ്രവർത്തിക്കും. വ്യക്തിക്ക് പ്രാധാന്യമില്ല. എന്നെ സ്നേഹിച്ച് സ്നേഹിച്ച് അപമാനിക്കരുത്. എംഎൽഎയും എംപിയും ആവുകയല്ല എന്റെ ലക്ഷ്യം. പത്തു പേരില്ലാത്ത കാലത്ത് പ്രവർത്തിച്ച് തുടങ്ങിയ ഞാൻ എൻഡിഎയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സൃഷ്ടിക്കുന്നത് വരെ ഈ ആരോഗ്യം നിലനിർത്തണമേ എന്നാണ് തന്റെ ആഗ്രഹം.’’– ശോഭാ സുരേന്ദ്രൻ പറഞ്ഞു.