ശോഭ കരന്തലാജെ തമിഴരോടു മാപ്പു പറയാൻ തയാറാകണമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ : ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധപ്പെട്ട് തമിഴർക്കെതിരെ വിവാദ പരാമർശം നടത്തിയ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശോഭ കരന്തലാജെ ആത്മാർഥമായി മാപ്പു പറയാൻ തയാറാകണമെന്ന് മദ്രാസ് ഹൈക്കോടതി. പേരിനു മാപ്പു പറഞ്ഞു തലയൂരാനുള്ള നീക്കത്തെ ജസ്റ്റിസ് ജി.ജയചന്ദ്രൻ രൂക്ഷമായി വിമർശിച്ചു.
വാർത്താസമ്മേളനം വിളിച്ചു മാപ്പു പറയുന്നതിൽ ചില പ്രശ്നങ്ങളുണ്ടെന്നും അതിനാലാണ് സമൂഹമാധ്യമങ്ങളിലൂടെ മാപ്പു പറഞ്ഞതെന്നുമുള്ള ശോഭയുടെ അഭിഭാഷകന്റെ പരാമർശമാണു കോടതിയെ ചൊടിപ്പിച്ചത്.
വാദവുമായി മുന്നോട്ടു പോകാൻ തയാറാണെന്ന് ശോഭയുടെ അഭിഭാഷകൻ അറിയിച്ചതോടെ കേസ് ഓഗസ്റ്റ് 23ലേക്കു മാറ്റി. ‘തമിഴ്‌നാട്ടിൽ പരിശീലനം നേടിയവരാണു രാമേശ്വരം കഫേയിൽ ബോംബ് സ്ഥാപിച്ചത്’ എന്നായിരുന്നു കേന്ദ്രമന്ത്രിയായിരിക്കെ ശോഭ കരന്തലാജെയുടെ വിവാദ പരാമർശം. കേരളത്തെ അടച്ചാക്ഷേപിച്ചും ശോഭ നേരത്തെ രംഗത്തെത്തിയിരുന്നു.