‘ശോഭ വീട്ടിലെത്തിയതിന് തെളിവുണ്ട്’: ചിത്രം പുറത്തുവിട്ട് തിരൂർ സതീഷ്; പഴയ ചിത്രമെന്ന് ശോഭ

0

 

തൃശൂർ∙  ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭാ സുരേന്ദ്രന്‍ തന്റെ വീട്ടിലെത്തിയതിന് തെളിവ് പുറത്തുവിട്ട് പാർട്ടിയുടെ മുൻ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീഷ്. സതീഷിന്‍റെ വീട്ടില്‍ പോയിട്ടില്ലെന്ന് ശോഭാ സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. ശോഭ വീട്ടില്‍ വന്നിരുന്നു എന്ന് തെളിയിക്കുന്നതിനാണ് ചിത്രം പുറത്തുവിട്ടത്. തിരൂര്‍ സതീഷിന്‍റെ ഭാര്യയ്ക്കും മകനും ഒപ്പം ശോഭ നില്‍ക്കുന്നതാണ് ചിത്രം. എന്നാൽ സതീഷിനെ തള്ളി ശോഭ രംഗത്തെത്തി. തന്‍റെ സഹോദരിയുടെ വീട്ടില്‍ വച്ചാണ് ചിത്രം എടുത്തതെന്നും അസുഖബാധിതയായ തന്‍റെ അമ്മയെ കാണാന്‍ എത്തിയപ്പോഴുള്ള ചിത്രമാണെന്നുമാണ് ശോഭയുടെ നിലപാട്.

സതീഷ് കൊണ്ടുവന്ന ചിത്രത്തിന് ഒന്നര വര്‍ഷത്തെ പഴക്കമുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് ബിജെപിക്കു വേണ്ടി എത്തിച്ച കുഴൽപണം തന്നെയെന്ന് ബിജെപിയുടെ അന്നത്തെ ഓഫിസ് സെക്രട്ടറി തിരൂർ സതീഷ് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ ശോഭാ സുരേന്ദ്രനാണ് ആരോപണത്തിനു പിന്നിലെന്ന് പാർട്ടിയിൽ ആക്ഷേപം ഉയർന്നു. ആരോപണം നിഷേധിച്ച ശോഭ, സതീഷിന്റെ വീട്ടിൽ പോയിട്ടില്ലെന്ന് വ്യക്തമാക്കി.

കുഴൽപണക്കേസിൽ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീഷിന്റെ പിന്നിൽ താനാണെന്ന പ്രചാരണം എന്തടിസ്ഥാനത്തിലാണെന്നു മനസ്സിലാകുന്നില്ലെന്നും പറഞ്ഞു. കൊടകര കുഴല്‍പ്പണം സംബന്ധിച്ച ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്‍റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മാണെന്ന് ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. ആരോപണങ്ങള്‍ക്ക് പിന്നിലെ തിരക്കഥ എകെജി സെന്‍ററില്‍ നിന്നാണ്. സതീശനെ സിപിഎം വിലയ്ക്കെടുത്തെന്നും അവര്‍ വ്യക്തമാക്കി. കൊടകരയിലേക്ക് പണം കൊണ്ടുവന്നത് പാർട്ടി അനുഭാവിയും വ്യാപാരിയുമായ ധർമരാജനാണെന്നും അയാൾക്ക് മുറി എടുത്തു കൊടുക്കാൻ നിർദേശമുണ്ടായിരുന്നെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *