ചെങ്ങന്നൂര്‍ SHO സ്റ്റേഷനില്‍ ബര്‍മുഡ ധരിച്ചെത്തി : വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ്

ആലപ്പുഴ: ചെങ്ങന്നൂര്‍ സ്റ്റേഷൻ ഹൗസ് ഓഫീസറെ (SHO) അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു. മാവേലിക്കര മാങ്കാംകുഴി സ്വദേശിനിയായ യുവതിക്കെതിരെയാണ് കേസെടുത്തത്. പണിമുടക്ക് ദിനത്തില്‍ എസ്എച്ച്ഒ എ സി വിപിന്‍ ബര്‍മുഡയും ടീ ഷര്‍ട്ടും ധരിച്ച് സ്റ്റേഷനില്‍ എത്തിയ ദൃശ്യങ്ങള്‍ അപകീര്‍ത്തികരമായ പരാമര്‍ശത്തോടെ പ്രചരിപ്പിച്ചെന്നാണ് കേസ്.
അതേസമയം ഇത്തരം വേഷം ധരിച്ചെത്തിയതിന് എസ്എച്ച്ഒയോട് വിശദീകരണം ആവശ്യപ്പെടുമെന്ന് ഡിവൈഎസ്പി ജെ സന്തോഷ് കുമാര്‍ പറഞ്ഞു. വിഡിയോ പ്രചരിപ്പിച്ച മറ്റുള്ളവര്‍ക്കും മോശം കമന്റിട്ടവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു. രാവിലെ വ്യായാമത്തിന് പോയപ്പോള്‍ സ്റ്റേഷനില്‍ അടിയന്തരമായ ആവശ്യമുണ്ടായതിനാലാണ് വ്യായാമ വസ്ത്രത്തില്‍ എത്തിയതെന്നാണ് എസ്എച്ച്ഒയുടെ വിശദീകരണം. പ്രശ്നം പരിഹരിച്ചയുടന്‍ മടങ്ങി ക്വാര്‍ട്ടേഴ്സിലെത്തി യൂണിഫോം ധരിച്ച് എസ്എച്ച്ഒ മടങ്ങിയെത്തിയെന്നും പറയുന്നു.
എന്നാൽ അറസ്റ് ചെയ്യാത്ത ഒരാളെ അറസ്റ് ചെയ്തെന്നു കാണിച്ചു മാധ്യമങ്ങൾക്ക് വാർത്ത നൽകിയ ഉദ്യോഗസ്ഥനാണ് എസ്എച്ച്ഒ എ സി വിപിന്‍. ഇത് സംബന്ധിച്ച് നൽകിയ വിവരവകാശത്തിനു ലഭിച്ച മറുപടി വിചിത്രമായയിരുന്നു. വാർത്തയും ഫോട്ടോയും സ്റ്റേഷനിലെ ഏതോ ഉദ്യോഗസ്ഥൻ ലാൻ ഫോൺ വഴിയാണ് നൽകിയതെന്ന്. ഇത് സംബന്ധിച്ചു മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ ആലപ്പുഴ നെർക്കോട്ടിക് സെൽ ഡിവൈഎസ്പി കഴിഞ്ഞ നാലുമാസമായി അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
