ഷാര്‍ജ ഹംരിയയിലെ സംഭരണശാലയില്‍ വന്‍ തീപ്പിടിത്തം

0

ഷാര്‍ജ : ഹംരിയ്യ തുറമുഖത്ത് കത്തുന്ന വസ്തുക്കള്‍ സൂക്ഷിച്ച സംഭരണശാലയില്‍ വന്‍ തീപ്പിടിത്തമുണ്ടായി. ഷാര്‍ജ പോലീസ് കമാന്‍ഡ് സെന്ററില്‍ റിപോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് പോലീസ്, നാഷണല്‍ ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ് കമാന്‍ഡര്‍മാര്‍ തുടങ്ങിയവരടങ്ങുന്ന സംഘം സ്ഥലത്തെത്തി തീയണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. ദ്രുതവും സമഗ്രവുമായ പ്രതികരണമാണ് അധികൃതര്‍ നടത്തിയത്. നീണ്ട 12 മണിക്കൂറിലധികം പണിപ്പെട്ടാണ് തീപ്പിടിത്തം നിയന്ത്രിച്ചത്. ഏകീകൃത പ്രതികരണ സംവിധാനത്തിന്റെ ഭാഗമായി പ്രതിരോധ മന്ത്രാലയം, നാഷണല്‍ ഗാര്‍ഡ്, ജോയിന്റ് ഏവിയേഷന്‍ ഡയറക്ടറേറ്റ്, ഷാര്‍ജ, അല്‍ ഹംരിയ മുന്‍സിപ്പാലിറ്റികള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ടീമുകളും സഹായം നല്‍കി.

സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് ഷാര്‍ജ പോലീസ് കമാന്‍ഡര്‍-ഇന്‍-ചീഫും ഷാര്‍ജ എമിറേറ്റിലെ ലോക്കല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീം മേധാവിയുമായ മേജര്‍ ജനറല്‍ അബ്ദുല്ല മുബാറക് ബിന്‍ ആമിര്‍ സ്ഥിരീകരിച്ചു. ഏറ്റവും പുതിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് പ്രത്യേക സംഘങ്ങള്‍ തീയണയ്ക്കാന്‍ ശ്രമം നടത്തിയെന്നും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് മുന്‍ഗണന നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *