7 ദിവസം വേണ്ടി വരും മണ്ണും മരങ്ങളും നീക്കാൻ; തിരച്ചിൽ പുനരാരംഭിക്കും ഡ്രജർ ഇന്ന് ഷിരൂരിൽ,
ബെംഗളൂരു∙ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും. ഗോവയില്‍ നിന്നും കാര്‍വാറിലെത്തിച്ച ഡ്രജര്‍ ഇന്ന് തന്നെ ഷിരൂരിലെത്തിക്കാനാണ് നീക്കം. ഗംഗാവലി പുഴയിലെ പാലത്തിനടിയിലൂടെ പോകേണ്ടതിനാല്‍ വേലിയിറക്ക സമയയത്താകും ഡ്രജർ ഷിരൂരിലേക്ക് കൊണ്ടുപോവുക. നാവികസേനാസംഘം ഇന്ന് ഗംഗാവലിപ്പുഴയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വിശദമായ പരിശോധന നടത്തും.
ഗോവയില്‍ നിന്നെത്തിച്ച ഡ്രജര്‍ ഇന്നലെയാണു കാര്‍വാര്‍ തീരത്തെത്തിയത്. ഇരുപത്തിയെട്ടര മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയുമുള്ള ഡ്രജറാണ് ഇത്. വെള്ളത്തിന്റെ അടിത്തട്ടില്‍ മൂന്നടി വരെ മണ്ണെടുക്കാനും കഴിയും. ഒരു ഹിറ്റാച്ചി, ക്രെയിന്‍, പുഴയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ രണ്ട് ഭാരമേറിയ തൂണുകള്‍ എന്നിവയാണ് ഡ്രജറിന്റെ പ്രധാന ഭാഗങ്ങള്‍. നാവിക സേനയുടെ സോണാര്‍ പരിശോധനയില്‍ ലോഹ ഭാഗങ്ങള്‍ കണ്ടിടത്താകും ആദ്യഘട്ട തിരച്ചില്‍ നടത്തുക.
ലോറിയുടെ മീതെ പതിച്ച മുഴുവന്‍ മണ്ണും പാറക്കല്ലുകളും പൊടിച്ച് വെള്ളത്തോടൊപ്പം നീക്കം ചെയ്യും. മണ്ണിനൊപ്പം കൂടിക്കിടക്കുന്ന മരങ്ങള്‍ അടക്കമുള്ളവയും നീക്കും. ഇതിനു മൂന്നു മുതല്‍ ഏഴ് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് കണക്കുക്കൂട്ടൽ. ഓഗസ്റ്റ് പതിനാറിനാണ് മോശം കാലാവസ്ഥയെ തുടർന്ന് അർജുനായുള്ള തിരച്ചിൽ നിർത്തിവച്ചത്.