ലോറിയുടെ ടയർ ഗംഗാവലിയിൽനിന്ന് കണ്ടെത്തി; ഒരു ലോറി 15അടി താഴ്ചയി തലകീഴായി നിൽക്കുന്നുണ്ടെന്നും മാൽപെ .
അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ പുരോഗതി. നദിയില്‍നിന്ന് ലോറിയുടെ ടയര്‍ കണ്ടെത്തി. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ പുഴയിലിറങ്ങി നടത്തിയ തിരച്ചിലിലാണ് ടയര്‍ കണ്ടെത്തിയത്. അര്‍ജുന്റെ ലോറിയുടെ ടയറാണോ ലഭിച്ചതെന്നതില്‍ വ്യക്തതയില്ല. മുമ്പ് മാല്‍പെയുടെ തിരച്ചിലില്‍ തടിക്കഷ്ണം കണ്ടെത്തിയിരുന്നു.
ഗംഗാവലി പുഴയില്‍ 15 അടി താഴ്ചയില്‍ ഒരു ലോറി തലകീഴായി നില്‍ക്കുന്ന രീതിയില്‍ കണ്ടെന്ന് മാല്‍പെ അറിയിച്ചതായാണ് വിവരം. മണ്ണിടിച്ചിലില്‍ ഒലിച്ചുപോയ ചായക്കടയുടെ സമീപത്തായുള്ള പ്രദേശത്താണ് ലോറി കണ്ടിരിക്കുന്നത്. ക്യമാറയുമായി വീണ്ടും മാല്‍പെ പുഴയിലേക്കിറങ്ങിയിരിക്കുകയാണ്.
ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച വൈകീട്ട് 15 മിനിറ്റോളം പുഴയില്‍നിന്ന് മണ്ണ് നീക്കംചെയ്തു. ലോറിയുടെ ഒരു ലോഹഭാഗം തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. ഐബോഡ് ഡ്രോണിന്റെ സിഗ്‌നല്‍ ലഭിച്ച ഭാഗത്താണ് തിരച്ചില്‍ നടത്തുന്നത്. മൂന്നുദിവസത്തെ കരാറാണ് ഇപ്പോഴുള്ളതെന്ന് ഡ്രെഡ്ജര്‍ കമ്പനിയുടെ എം.ഡി. മഹേന്ദ്ര ഡോഗ്രെ പറഞ്ഞു. മുങ്ങല്‍വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയും സംഘവും സ്ഥലത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. അര്‍ജുനുള്‍പ്പെടെ ദുരന്തത്തില്‍പ്പെട്ട രണ്ടുപേരെയാണ് ഇനി കണ്ടെത്താനുള്ളത്.
ഓഗസ്റ്റ് 17-നാണ് മണ്ണ് നീക്കാന്‍ കഴിയാത്തതിനാല്‍ അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്. പിന്നീട് ദിവസങ്ങളോളം അനിശ്ചിതാവസ്ഥയിലായിരുന്നു. ഡ്രഡ്ജര്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുകോടി രൂപ ചെലവ് വരുന്നതിനാല്‍ ആര് പണംമുടക്കും എന്നതായിരുന്നു പ്രശ്‌നം.പിന്നീട് കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടതോടെയാണ് തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്. ഡ്രഡ്ജറിന്റെ വാടക ഒരുകോടി രൂപ കര്‍ണാടക സര്‍ക്കാര്‍ വഹിക്കും.