മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ച് അപകടം രണ്ടുപേർ മരിച്ചു: ബോട്ട് രണ്ടായി പിളർന്നു
പൊന്നാനി: മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ച് അപകടം. രണ്ടുപേർ മരിച്ചു. അഴീക്കൽ സ്വദേശി അബ്ദുൽസലാം, ഗഫൂർ എന്നിവരാണ് മരിച്ചത്. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള ‘ഇസ്‌ലാഹി’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്നു.
ആറുപേരാണ് ബോട്ടിലുണ്ടായിരുന്നത്. നാലുപേരെ കപ്പലിലുള്ളവർ രക്ഷപെടുത്തി. 2 പേർക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ചാവക്കാട് മുനമ്പിൽ നിന്നും 32 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടം. സാഗർ യുവരാജ് എന്ന കപ്പലാണ് ബോട്ടിൽ ഇടിച്ചത്.