വള്ളത്തില്‍ കപ്പലിടിച്ചു. വള്ളത്തിലുണ്ടായിരുന്ന അഞ്ചു മൽസ്യ തൊഴിലാളികള്‍ക്കു പരിക്കേറ്റു.
പ്രതീകാത്മക ചിത്രം
വിഴിഞ്ഞം: മൽസ്യബന്ധനം കഴിഞ്ഞു മടങ്ങിയ വള്ളത്തില്‍ കപ്പലിടിച്ചു. വള്ളത്തിലുണ്ടായിരുന്ന അഞ്ചു തൊഴിലാളികള്‍ക്കു പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഇടിയുടെ ആഘാതത്തില്‍ വള്ളം രണ്ടായി പിളര്‍ന്ന് കടലിലേക്കു മറിഞ്ഞു. പരിക്കേറ്റവരെ വിഴിഞ്ഞം തീരത്തെത്തിച്ചു.കപ്പലിടിച്ച് വള്ളത്തില്‍നിന്നു കടലിലേക്കു വീണ തൊഴിലാളികള്‍ രക്ഷക്കായി കാത്തുകിടന്നത് ഒരു മണിക്കൂറോളം.
പൂന്തുറ സ്വദേശികളായ വള്ളം ഉടമ ക്ലീറ്റസ്(45), സെല്‍വന്‍(42), മരിയാദസന്‍(42), ജോണ്‍(43), ആന്‍ഡ്രൂസ്(55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിഴിഞ്ഞം തീരത്തുനിന്ന് 19 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. വയറ്റിലും മുഖത്തും ആഴത്തില്‍ പരിക്കേറ്റ ആന്‍ഡ്രൂസിന്റെ നില ഗുരുതരമാണ്. ശനിയാഴ്ച കരയിലേക്കു മടങ്ങുമ്പോഴാണ് കപ്പല്‍ച്ചാല്‍ കഴിഞ്ഞുള്ള ഭാഗത്തുെവച്ച് കപ്പലിടിച്ചത്.