ഷൈൻ ടോം ചാക്കോയെ വെറുതെവിട്ടത് യുഡിഎഫ് കാലത്തെ പൊലീസിൻ്റെ വീഴ്ച: മന്ത്രി എംബി രാജേഷ്

0

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസ് നല്‍കിയ വെളിപ്പെടുത്തലില്‍ അന്വേഷണമുണ്ടാകുമെന്ന് മന്ത്രി എം ബി രാജേഷ്. വെളിപ്പെടുത്തല്‍ ഗൗരവമേറിയതാണെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലയില്‍ മാത്രമല്ല മറ്റ് ഏത് മേഖലയിലായാലും ലഹരി ഉപയോഗത്തിനെതിരായ നടപടി എക്‌സൈസ് വകുപ്പ് കൈകൊള്ളുമെന്ന് എം ബി രാജേഷ് പറഞ്ഞു. കേസെടുക്കാന്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കേണ്ടതില്ലെന്നും വകുപ്പ് സ്വമേധയാ നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

യുഡിഎഫ് കാലത്തെ പൊലീസിന്റെ വീഴ്ചയാണ് ലഹരിക്കേസില്‍ ഷൈന്‍ ടോം ചാക്കോയെ വെറുതെ വിടാന്‍ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കോടതി തന്നെ പൊലീസിനെ ഇക്കാര്യത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നുവെന്നും എം ബി രാജേഷ് പറഞ്ഞു. പാലക്കാട്ടെ ഹെഗ്‌ഡേവാര്‍ വിവാദത്തിലും എം ബി രാജേഷ് പ്രതികരിച്ചു. ഹെഡ്ഗേവാറിന്റെ പേരിടാനുള്ള തീരുമാനം അനുചിതമാണെന്നും അദ്ദേഹം പറഞ്ഞു. ഹെഡ്ഗേവാർ സ്വാതന്ത്ര്യ സമര സേനാനി അല്ല. ജനപ്രതിനിധി ആയിരുന്നില്ല. കോണ്‍ഗ്രസിന്റെ പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്നും എം ബി രാജേഷ് പറഞ്ഞു.അതേസമയം ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ വിന്‍സി അലോഷ്യസ് ഫിലിം ചേംബറിന് പരാതി നല്‍കിയിട്ടുണ്ട്. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായതിനാലാണ് തീരുമാനമെന്നുമുള്ള വിന്‍സിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. അന്ന് നടന്റെ പേര് വിന്‍സി വെളിപ്പെടുത്തിയിരുന്നില്ല.

എന്നാല്‍ ‘സൂത്രവാക്യം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഷൈന്‍ ടോം ചാക്കോയില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടികാട്ടിയാണ് വിന്‍സി ഫിലിം ചേംബറിന് പരാതി നല്‍കിയത്. സിനിമയുടെ ആഭ്യന്തര പരാതി കമ്മിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ വിവാദങ്ങള്‍ക്കിടയില്‍ ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലില്‍ നിന്നും നടന്‍ ഷൈന്‍ ടോം ചാക്കോ ഇറങ്ങി ഓടിയ ദൃശ്യങ്ങളും പുറത്ത് വന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് നടന്‍ ഇറങ്ങി ഓടിയത്.

കൊക്കെയ്ൻ കേസില്‍ ഷൈന്‍ ടോം ചാക്കോയെ ഈയിടെയാണ് കോടതി വെറുതെ വിട്ടത്. അതിനിടെയാണ് സമാനസംഭവം. കൊച്ചി കടവന്ത്രയില്‍ നടത്തിയ റെയ്ഡില്‍ ആയിരുന്നു കൊക്കൈനുമായി ഷൈനും മോഡലുകളും പിടിയിലാവുന്നത്. 2015 ജനുവരി 30 നായിരുന്നു സംഭവം. കേസില്‍ ഷൈന്‍ കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *