ഷൈൻ ടോം ചാക്കോയ്‌ക്ക് പൊലീസിന് മുന്നിൽ ഹാജരാകാൻ നോട്ടീസ്

എറണാകുളം : കൊച്ചിയിൽ ലഹരി മരുന്ന് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ നാളെ പൊലീസിന് മുന്നിൽ ഹാജരാകണം. സെൻട്രൽ എസിപി ഇതുമായി ബന്ധപ്പെട്ട് നടന് നോട്ടീസ് അയച്ചു. നാളെ രാവിലെ 10 മണിക്ക് എറണാകുളം സെൻട്രൽ എ സി പി ക്ക് മുൻപിൽ നോർത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈൻ നേരിട്ട് ഹാജരാകേണ്ടത്. അതിന് ശേഷമായിരിക്കും വിശദമായ ചോദ്യം ചെയ്യൽ.നിലവിൽ ഷൈൻ തമിഴ്നാട്ടിലാണ് ഉള്ളത്. ഇന്ന് വൈകീട്ടോടുകൂടി ഷൈൻ ടോം ചാക്കോ തൃശൂരിലുള്ള വീട്ടിലെത്തുമെന്നാണ് റിപ്പോർട്ടുകൾ . പ്രധാനമായും 2 ചോദ്യങ്ങളാകും പൊലീസ് നടനോട് ചോദിക്കുക. അതിൽ ആദ്യത്തേത് ലഹരി കൈവശം ഉള്ളതുകൊണ്ടാണോ പരിശോധന നടക്കുമ്പോൾ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയത്, അതോ നേരെത്തെ ലഹരി ഉപയോഗിച്ചതിൽ വൈദ്യ പരിശോധന ഉണ്ടാകുമോ എന്ന ആശങ്കയിലാണോ ഓടിയത് തുടങ്ങിയ കാര്യങ്ങളിലാകും പൊലീസ് വ്യക്തത വരുത്തുക.ഷൈൻ ഹോട്ടൽ മുറിയിൽ ലഹരി ഉപയോഗിച്ചിരുന്നു എന്ന കാര്യത്തിൽ പൊലീസിന് ഇതുവരെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. മദ്യ കുപ്പി മാത്രമാണ് മുറിയിൽ നിന്ന് പൊലീസിന് കിട്ടിയിരുന്നത്. ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ ആരും പരാതിയും നൽകിയിട്ടുമില്ല.