പറഞ്ഞ സമയത്തിനും അരമണിക്കൂർ മുന്നേ ഷൈൻ ടോം ചാക്കോ എത്തി. ചോദ്യം ചെയ്യൽ ആരംഭിച്ചു.

എറണാകുളം:നോട്ടീസ് ലഭിച്ചതുപ്രകാരം ചോദ്യം ചെയ്യലിന് വിധേയനാകാൻ നടൻ ഷൈൻ ടോം ചാക്കോ നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തി. രാവിലെ പത്തരയ്ക്ക് എത്തുമെന്നാണ് പൊലീസിനെ അറിയിച്ചിരുന്നെങ്കിലും കൃത്യം പത്തു മണിക്ക് തന്നെ നടൻ എത്തുകയായിരുന്നു. ഷൈനിനെ ചോദ്യം ചെയ്യാൻ 32 ചോദ്യങ്ങളാണ് പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. പ്രമുഖ ക്രിമിനൽ അഭിഭാഷകരിൽ നിന്നും നിയമോപദേശം തേടി ചോദ്യം ചെയ്യലിന് ഹാജരായ ഷൈനിനെ പൂട്ടാൻ ഒരുങ്ങി തന്നെയാണ് പൊലീസ്. നിരവധി തവണ ലഹരി കേസുകളിൽ നേരത്തെ ചോദ്യം ചെയ്യലിന് വിധേയനായ ഷൈനും തയ്യാറായി തന്നെയാണ് പൊലീസിന് മുന്നിലെത്തിയത്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ മൗനം പാലിച്ചാണ് നടൻ പൊലീസ് സ്റ്റേഷനിൽ അകത്തേയ്ക്ക് കയറിയത്.
നോർത്ത് സ്റ്റേഷനിൽ നിന്നുള്ള പൊലീസ് തൃശൂരിലെ വീട്ടിലെത്തിയാണ് നോട്ടീസ് നൽകിയത്. ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ചാടി രക്ഷപ്പെട്ട സംഭവത്തിലാണ് നടനെ പൊലീസ് ചോദ്യം ചെയ്യുക. കുറ്റകൃത്യം തടയാനുള്ള പൊലീസ് നിയമത്തിലെ വകുപ്പുകൾ പ്രകാരം നടനെ ചോദ്യം ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചത്. നടൻ ഷൈൻ ടോം ലഹരി ഉപയോഗിച്ചതിനാലായിരിക്കും സാഹസികമായി ഹോട്ടലിൽ നിന്നും ചാടി രക്ഷപെട്ടതെന്നാണ് പോലീസ് സംശയിക്കുന്നത്. നടൻ്റെ കൈയിൽ ലഹരി ഉണ്ടായിരുന്നെങ്കിൽ അത് പുറത്തേക്ക് വലിചെറിഞ്ഞ് ഇയാൾക്ക് മുറിയിൽ തന്നെ തുടരാമായിരുന്നു. അതേസമയം ലഹരി ഉപയോഗിച്ച് കൈയോടെ പിടികൂടിയാൽ കുടുങ്ങുമെന്ന് നടന് ബോധ്യമുള്ളതിനാലാണ്, ജീവൻ പോലും പണയം വച്ച് സാഹസികമായി രക്ഷപെട്ടതെന്നാണ് കരുതുന്നത്.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ഡാൻസാഫ് സംഘം എറണാകുളം നോർത്തിലെ പിജിഎസ് വേദാന്ത ഹോട്ടലിൽ എത്തിയത് ഈ സമയം ഈ ഹോട്ടലിൻ്റെ മൂന്നാം നിലയിലെ മുറിയിലായിരുന്നു ഷൈൻ ഉണ്ടായിരുന്നത്.ഇതിനിടെ പൊലീസ് സംഘം പരിശോധനയ്ക്ക് എത്തിയതായി ഷൈന് വിവരം ലഭിച്ചു. മുറി തുറന്ന് പുറത്ത് ഇറങ്ങിയാൽ അന്വേഷണ സംഘത്തിൻ്റെ മുന്നിൽ പെടുമെന്ന് ഷൈന് ഉറപ്പുണ്ടായിരുന്നു. ഇതോടെയാണ് സാഹസികമായി മുറിയുടെ ജനൽ വഴി രണ്ടാം നിലയിലേക്ക് ചാടിയത്. ഇവിടെ നിന്നും രണ്ടാം നിലയിലേക്ക് ഇറങ്ങി, ഗോവണി വഴി ഓടി രക്ഷപെടുകയായിരുന്നു. ഹോട്ടലിൻ്റെ ലോബിയിലെ സിസിടിയിൽ ഷൈൻ ഇറങ്ങിയോടുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതേ തുടർന്ന് പൊലീസ് നടനു വേണ്ടി വ്യാപക പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇയാൾ കേരളം വിട്ടതായാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം ഒളിവിലിരുന്നും പൊലീസിനെ വെല്ലുവിളിക്കുന്ന രീതിയിലുള്ള സാമൂഹമാധ്യമ പോസ്റ്റുകളും നടൻ ഇട്ടിരുന്നു.
കേരളത്തിൽ റജിസ്റ്റർ ചെയ്ത ആദ്യത്തെ കൊക്കൈൻ കേസിലെ പ്രതിയായിരുന്നു ഷൈൻ ടോം ചാക്കോ. 2015 ജനുവരി 31നായിരുന്നു കൊക്കെയ്ൻ കൈവശം വെച്ചുവെന്ന ആരോപണവുമായി കടവന്ത്രയിലെ ഫ്ലാറ്റിൽ നിന്നും നടനെ പിടികൂടിയത്. എന്നാൽ ഈ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് തെളിയിക്കാനുള്ള തെളിവുകൾ ഹാജരാക്കുന്നതിൽ അന്വേഷണ സംഘം പരാജയപ്പെടുകയായിരുന്നു. ഈ കാര്യം ചൂണ്ടികാണിച്ചായിരുന്നു വിചാരണ കോടതി ഷൈനെ കുറ്റവിമുക്തനാക്കിയത്.
നടപടി ക്രമങ്ങള്‍ പാലിച്ചല്ല അന്വേഷണം പൂര്‍ത്തിയാക്കിയതെന്നും നടനും സുഹൃത്തുക്കളും കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന് പൊലീസ് പരിശോധിച്ചില്ലെന്നും വിചാരണക്കോടതി ഉത്തരവിൽ കോടതി ചൂണ്ടിക്കാണിച്ചിരുന്നു. പിടിച്ചെടുത്ത കൊക്കെയ്ന്‍റെ ഘടകങ്ങള്‍ വേര്‍തിരിച്ച് പരിശോധിക്കുകയോ, സെര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്തുകയോ ചെയ്തില്ല. വനിത പ്രതികളെ പരിശോധിക്കാൻ വനിതാ പോലീസ് എത്തിയില്ലന്നും കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിലെ വീഴ്ചയിൽ പ്രതികള കുറ്റവിമുക്തരാക്കുന്നുവെന്ന കോടതി ഉത്തരവ് പോലിസിന് തന്നെ നാണക്കേടായിരുന്നു. ഇതിനിടെയാണ് ഷൈൻ ടോമിനെ പൂട്ടാൻ പൊലീസിന് അവസരം ലഭിച്ചത്. എന്നാൽ പൊലീസിനെ കബളിപ്പിച്ച് ഒരിക്കൽ കൂടി ഷൈൻ രക്ഷപ്പെടുകയായിരുന്നു.