ഷിൻഡെ വിഭാഗം നേതാവിനെ വെടിവച്ച എംഎൽഎ ജയിലിൽ, ഭാര്യയെ സ്ഥാനാർഥിയാക്കി ബിജെപി; എൻഡിഎയിൽ പോര്
മുംബൈ ∙ ബിജെപിയുടെ ആദ്യപട്ടിക പുറത്തുവന്നതിനു പിന്നാലെ കല്യാൺ ഈസ്റ്റിലെ സ്ഥാനാർഥിയെ ചൊല്ലി ബിജെപിയും ഷിൻഡെ വിഭാഗവും തമ്മിൽ തർക്കം. ഷിൻഡെ വിഭാഗം നേതാവിനുനേരെ വെടിയുതിർത്ത കേസിൽ സിറ്റിങ് എംഎൽഎ ഗൺപത് ഗെയ്‌ക്‌വാദ് ജയിലിലായതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ സുൽഭ ഗെയ്‌ക്‌വാദിനെ ബിജെപി രംഗത്തിറക്കി. എന്നാൽ, വെടിയേറ്റ മഹേഷ് ഗെയ്‌ക്‌വാദിനെ വിമത സ്ഥാനാർഥിയായി മത്സരിപ്പിക്കുമെന്നാണു ഷിൻഡെ വിഭാഗത്തിന്റെ ഭീഷണിഉല്ലാസ്നഗർ പൊലീസ് സ്റ്റേഷനിൽ വച്ചാണു മഹേഷിനു നേരെ ഗണപത് ഗെയ്‌ക്‌വാദ് വെടിയുതിർത്തത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുൽഭ ഗെയ്‌ക്‌വാദ് ശിവസേനാ ഉദ്ധവ് വിഭാഗം സ്ഥാനാർഥിക്കായി പ്രചാരണം നടത്തിയിരുന്നു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെക്കെതിരെ പരസ്യപ്രചാരണം നടത്തിയയാളെ സ്ഥാനാർഥിയായി അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണു ഷിൻഡെ വിഭാഗം. കല്യാണിൽ ശിവസേന പ്രതിഷേധ പ്രകടനവും നടത്തി. ഇതു കറുത്ത ദിനമാണെന്നായിരുന്നു മഹേഷ് ഗെയ്‌ക്‌വാദിന്റെ പ്രതികരണം.