ഷീല സണ്ണിയെ കുടുക്കിയ ആളെ കണ്ടെത്തി
- വ്യാജ വിവരം നൽകിയയാളെ എക്സൈസ് കണ്ടെത്തി.
- ഷീല ജയിലിൽ കിടന്നത് 72 ദിവസം
ചാലക്കുടി: ചാലക്കുടി ഷീ സ്റ്റൈൽ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ എൽഎസ്‌ഡി സ്റ്റാംപ് എന്ന മാരക ലഹരിമരുന്നു കൈവശം വച്ചെന്നു കണ്ടെത്തി 72 ദിവസം ജയിലിലടച്ച സംഭവത്തിൽ, വ്യാജ വിവരം നൽകിയയാളെ എക്സൈസ് കണ്ടെത്തി.
ഷീലയുടെ ബന്ധുവിന്റെ അടുത്ത സുഹൃത്തായ തൃപ്പൂണിത്തുറ എരൂർ സ്വദേശി നാരായണദാസാണ് ഷീലയുടെ കൈവശം ലഹരിമരുന്ന് ഉണ്ടെന്ന് എക്സൈസിന് വിവരം നൽകിയതെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. ഇയാളെ പൊലീസ് കേസിൽ പ്രതി ചേർത്തു. ചോദ്യംചെയ്യലിനു ഹാജരാകാൻ നാരായണദാസിന് നിർദ്ദേശവും നൽകി. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എസിപി തൃശൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകി.
കഴിഞ്ഞവർഷം ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്സൈസ് പിടികൂടിയത്. ഇന്റർനെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാൽ, വ്യാജ എൽഎസ്ഡി സ്റ്റാംപുകളാണ് പിടികൂടിയതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിഡിയയുടെ അറസ്റ്റ് ഹൈക്കോടതി ഇടപെട്ടു തടഞ്ഞിരുന്നു.
ഷീല സണ്ണിയെ 72 ദിവസം ജയിലിലടച്ച സംഭവത്തിലാണ് പിന്നീട് വഴിത്തിരിവുണ്ടായത്. ചാലക്കുടി ഷീ സ്റ്റൈൽ ബ്യൂട്ടി പാർലർ ഉടമയായ ഷീലയുടെ ബാഗിൽനിന്ന് എക്സൈസ് പിടിച്ചത് എൽഎസ്‌ഡി സ്റ്റാംപ് അല്ലെന്ന രാസപരിശോധനാ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ലഹരി വസ്തുക്കൾ കയ്യിൽ വയ്ക്കുന്നത് ഗുരുതര കുറ്റമായതിനാൽ കീഴ്ക്കോടതികളിൽനിന്നു ഷീലയ്ക്കു ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്നു ഹൈക്കോടതിയിൽനിന്നു ജാമ്യം നേടി മേയ് 10നാണ് ഷീല പുറത്തിറങ്ങിയത്.