ബിജെപിയെ പരിഹസിച്ച് ശശി തരൂർ
ന്യൂഡൽഹി : ബ്രിട്ടനിലെ ലേബർ പാർട്ടി നേടിയ വൻ വിജയത്തിന്റെ പശ്ചാത്തലത്തിൽ, ബിജെപിക്കെതിരെ കടുത്ത പരിഹാസവുമായി മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ‘ഒടുവിൽ അബ് ക ബാർ, 400 പാർ സംഭവിച്ചു, പക്ഷേ മറ്റൊരു രാജ്യത്ത്’ എന്നായിരുന്നു തരൂരിന്റെ പരിഹാസം.
ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റ് നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തരൂരിന്റെ പരിഹാസം. ബിജെപിക്ക് തനിയെ 370 സീറ്റുകളും എൻഡിഎ മുന്നണിക്ക് 400 സീറ്റും എന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രവചനം.
എന്നാൽ ഫലം വന്നപ്പോൾ ബിജെപിക്ക് 240 സീറ്റുകൾ മാത്രമേ നേടാൻ സാധിച്ചുള്ളൂ. എൻഡിഎ മുന്നണി ആകെ നേടിയത് 293 സീറ്റുകളും. ബ്രിട്ടനിലെ പൊതു തിരഞ്ഞെടുപ്പിൽ 650 അംഗ പാർലമെന്റിൽ 412 സീറ്റിലും ലേബർ പാർട്ടി വിജയിച്ചിരുന്നു. കൺസർവേറ്റീവ് പാർട്ടിക്ക് 121ലും ലിബറൽ ഡെമോക്രാറ്റ്സിന് 71 സീറ്റിലുമാണ് വിജയിക്കാനായത്.