ഷാർജയിലെ ഫയ,യുനെസ്‌കോയുടെ ആഗോള പൈതൃക പട്ടികയില്‍

ദുബായ് : ഷാർജയിലെ ഫയ പ്രാചീനമേഖല യുനെസ്‌കോയുടെ ആഗോള പൈതൃക പട്ടികയില്‍ ഇടം പിടിച്ചു. ഇന്നാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.യുനെസ്‌കോ ആഗോള പൈതൃക പട്ടികയിലെത്തുന്ന യു.എ.ഇയുടെ രണ്ടാമത്തെ സ്ഥലമാണ് ഫയ.
2,10,000 വർഷങ്ങള്‍ക്ക് മുൻപ് മനുഷ്യവാസം നിലനിന്നിരുന്നുവെന്ന് കരുതുന്ന ഷാർജയിലെ മരൂഭൂ പ്രദേശമാണ് ഫയ. കഴിഞ്ഞ വർഷം സാംസ്‌കാരിക ഭൂപ്രദേശങ്ങളുടെ പട്ടികയില്‍ ഫയ ഇടം നേടിയിരുന്നു. ഈ പട്ടികയില്‍ ഇടം നേടുന്ന ആദ്യ മരൂഭൂ പൈതൃക മേഖലയാണിത്. 2011 ല്‍ അല്‍ഐനിലെ സാംസ്‌കാരിക പ്രദേശങ്ങളാണ് ഇതിന് മുമ്പ് യു.എ.ഇയില്‍ നിന്ന് യുനെസ്‌കോയുടെ ആഗോള പൈതൃക പട്ടികയില്‍ ഔദ്യോഗികമായി ഇടം പിടിച്ചത്. മനുഷ്യവാസത്തിന്റെ വളർച്ച 18 തലങ്ങളിലുള്ള തെളിവുകള്‍ കണ്ടെത്തിയ സ്ഥലമാണ് ഫയ. ഇവിടെ നടന്ന ഉദ്ഖനനത്തിന്റെ തെളിവുകളുടെ അടിസ്ഥാനത്തില്‍ 12 വർഷം നീണ്ട മുന്നൊരുക്കങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ വർഷം ഈ മേഖല യുനെസ്‌കോയുടെ പട്ടികയിലേക്ക് നാമനിർദേശം ചെയ്തത്.
ഷാർജ ഭരണാധികാരിയുടെ മകള്‍ ശൈഖ ബുദൂർ അല്‍ഖാസിമി അംബാസറായി ഇതിനായുള്ള പ്രവർത്തനങ്ങള്‍ സജീവമായിരുന്നു. മനുഷ്യ ഉല്‍പ്പത്തിക്ക് ശേഷം ആഫ്രിക്കയില്‍ നിന്ന് അറേബ്യയിൻ മേഖലയിലേക്ക് മനുഷ്യർ പലായനം ചെയ്തതിന്റെ തെളിവുകള്‍ ശേഷിക്കുന്ന സ്ഥലമാണ് ഷാർജയിലെ മലീഹയോട് ചേർന്ന ഫയ മരുഭൂ മേഖല.