ഷാർജയിൽ വൻ തീപിടിത്തം; 5 പേർ വെന്ത് മരിച്ചു

0

ഷാർജ: ഷാർജയിൽ വൻ തീപിടിത്തം. അൽനഹ്ദയിലെ 38 നിലകളുള്ള താമസ സമുച്ചയത്തിൽ വൻ തീപിടിത്തമുണ്ടായതായി റിപ്പോർട്ടുകൾ. സംഭവത്തിൽ അഞ്ച് പേർ മരിച്ചു. 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 27 പേർക്ക് നിസാരപരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് തീപിടിത്തമുണ്ടായത്.

മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. പരിക്കേറ്റവരിൽ 17 പേർ അത്യാഹിത വിഭാ​ഗത്തിൽ ചികിത്സയിലാണ്. 27 പേരുടെ പരിക്ക് ​ഗുരുതരമല്ല. താമസക്കാരിൽ പലർക്കും പുക ശ്വസിച്ച് ശ്വാസം മുട്ടൽ അനുഭവപ്പെട്ടു.

അപകടത്തിനു പിന്നാലെ സ്ഥലത്തെത്തിയ അ​ഗ്നിശമന സേനയും പൊലീസും കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ച് തീ നിയന്ത്രണ വിധേയമാക്കി. 18, 26 നിലകളിലെ ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറുകളിൽ നിന്നാണ് തീ പടർന്നത്. താമസക്കാരെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

തീപിടിത്തത്തിനു പിന്നാലെ താമസക്കാരിൽ പലരും പുറത്തേക്ക് ഓടി രക്ഷപ്പെട്ടിരുന്നു. ആഫ്രിക്കയിൽ നിന്നുള്ളവരും ജിസിസി പൗരൻമാരുമാണ് കെട്ടിടത്തിലെ താമസക്കാരിൽ പലരും. കെട്ടിടത്തിൽ 33 നിലകളിലാണ് ആളുകൾ താമസിക്കുന്നത്. താഴെയുള്ള അഞ്ച് നിലകൾ പാർക്കിങാണ്. ഓരോ നിലയിലും എട്ട് ഫ്ലാറ്റുകളാണുള്ളത്. എ, ബി, സി ബ്ലോക്കുകളുള്ള കെട്ടിടത്തിലെ ബി ബ്ലോക്കിലാണ് തീപടർന്നത്.

തീപിടിത്തത്തെ കുറിച്ച് രാത്രി 10 മണിക്കാണ് ഷാര്‍ജ സിവില്‍ ഡിഫന്‍സിന് വിവരം ലഭിക്കുന്നത്. അധികൃതര്‍ കൃത്യസമയത്തെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചെങ്കിലും തീപിടിത്തം മൂലം ശ്വാസംമുട്ടലുണ്ടായ ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *