ഷെയർ ട്രേഡിങ്ങിന്റെ മറവിൽ തട്ടിപ്പ്; സംഘാംഗങ്ങൾ പിടിയിൽ

കൊല്ലം : ഷെയർ ട്രേഡിങ്ങിന്റെ മറവിൽ കിളികൊല്ലൂർ സ്വദേശിയിൽ നിന്നും 1 കോടി 75 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഘത്തിൽ ഉൾപ്പെട്ട മൂന്ന് യുവാക്കൾ കൊല്ലം സിറ്റി സൈബർ പോലീസിന്റെ പിടിയിലായി. കണ്ണൂർ, ഭൂതപ്പാറ, ഓ.കെ ക്വാർട്ടേഴ്സ്, നവറോജി പുരയിടത്തിൽ താജുദീൻ മകൻ തൗസീഫ് എൻ.പി(25), തൃശൂർ, കൂർക്കഞ്ചേരി, തയ്യിൽ ഹൗസിൽ സുഭാഷ് മകൻ രഖേഷ് .ടി .എസ്(35), തൃശൂർ, മാടായിക്കോണം, തെക്കൂട്ട് ഹൗസിൽ മധു മകൻ അമർ രാജ് ടി.എം(29) എന്നിവരാണ് കൊല്ലം സിറ്റി സൈബർ പോലീസിന്റെ പിടിയിലായത്. ഫോറിൻ എക്‌സ്‌ചേഞ്ച് വിപണിയിൽ ട്രേഡിങ്ങ് നടത്തിയാൽ കുറഞ്ഞ സമയത്തിനുള്ളിൽ വൻ ലാഭമുണ്ടാക്കാമെന്നും ആയതിനാവശ്യമായ എല്ലാ നിർദ്ദേശങ്ങളും നൽകാമെന്നും പറഞ്ഞ് വിശ്വസിച്ച് തട്ടിപ്പ്‌സംഘത്തിന്റെ കെണിയിൽ അകപ്പെടുത്തുകയായിരുന്നു. ഇത് വിശ്വസിച്ച് പണം നിക്ഷേപിക്കാൻ തയ്യാറായ യുവാവ് തട്ടിപ്പ് സംഘത്തിന്റെ നിർദ്ദേശപ്രകാരം യഥാർത്ഥമായ ഒരു ട്രേഡിങ്ങ് പ്ലാറ്റ്‌ഫോമിന്റെ അതേ പേരിലുള്ള വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യ്ത ശേഷം പല തവണകളായി പണം നിക്ഷേപിക്കുകയായിരുന്നു.
നിക്ഷേപിക്കുന്നതിന് അനുസരിച്ച് ലാഭം വർദ്ധിക്കുന്നതായി ആപ്ലിക്കേഷനിൽ കാണാൻ ഇടയായതോടെ അത് വിശ്വസിച്ച് കൂടുതൽ നിക്ഷേപം നടത്തുകയായിരുന്നു. സഹോദരിയുടെ പേരിലുള്ള സ്വത്തുക്കൾ പണയപ്പെടുത്തി വരെ യുവാവ് നിക്ഷേപം നടത്തി. ഒടുവിൽ നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ പിൻവലിക്കാൻ കഴിയാതെ വന്നതോടുകൂടിയാണ് കൊല്ലം സിറ്റി സൈബർ പോലീസിനെ സമീപിച്ചത്. പരാതിയെ തുടർന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം പോലീസ് സംഘം നടത്തിയ അന്വേഷണത്തിൽ തട്ടിയെടുത്ത തുക പല അക്കൗണ്ടുകൾ കൈമാറിയതായും ഈ തുകയിലെ ഒരു ഭാഗം അമർരാജിന്റെ നിർദ്ദേശപ്രകാരം തൗസീഫിന്റെ അക്കൗണ്ട് ഉപയോഗപ്പെടുത്തി രഖേഷ് ബാങ്കിൽ നിന്നും പിൻവലിച്ചതായും ആ തുക അമർ രാജിന് കൈമാറിയതായും കണ്ടെത്താൻ കഴിഞ്ഞു. തുടർന്ന് തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ട മൂവരേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഓൺലൈൻ തട്ടിപ്പിലൂടെ കവർന്നെടുക്കുന്ന തുക സാധാരണക്കാരായ പലരുടേയും അക്കൗണ്ടുകളിലൂടെ പിൻവലിച്ച് എടുക്കുന്നതാണ് ഇവരുടെ രീതി. ഇതിനായ് ഇടനിലക്കാരെ ഉപയോഗിച്ച് നിരവധി ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് എടുക്കുകയും ചെയ്യുന്നു.
കൊല്ലം സിറ്റി ഡി.സി.ആർ.ബി അസ്സി.പോലീസ് കമ്മീഷണർ ശ്രീ. നസീർ. എ യുടെ നിർദ്ദേശപ്രകാരം കൊല്ലം സിറ്റി സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അബ്ദുൽ മനാഫിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഗോപകുമാർ, നിയാസ്, നന്ദകുമാർ, എ.എസ്.ഐ അരുൺ കുമാർ, സി.പി.ഓ മാരായ അബ്ദുൾ ഹബീബ്, വൈശാഖ്, സോനുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.