വീട്ടിൽ എല്ലാവർക്കും സ്ഥാനമുണ്ട് നിലപാട് വ്യക്തമാക്കി ശരദ് പവാർ
മുംബൈ : അജിത് പവാർ തിരിച്ചുവരാൻ തീരുമാനിച്ചാൽ അദ്ദേഹത്തെ ഉൾക്കൊള്ളണമോയെന്ന് തീരുമാനിക്കാൻ പാർട്ടിയിലെ സഹപ്രവർത്തകരുടെ അഭിപ്രായം തേടുമെന്ന് എൻസിപി (എസ്പി) നേതാവ് ശരദ് പവാർ. സഹോദരപുത്രനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, വീട്ടിൽ എല്ലാവർക്കും സ്ഥാനമുണ്ടെന്നായിരുന്നു മറുപടി. എന്നാൽ വ്യക്തിപരമായി എടുക്കേണ്ട തീരുമാനമല്ലെന്നും പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്നവരുടെ അഭിപ്രായം തേടുമെന്നും ശരദ് പവാർ വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ എൻഡിഎയ്ക്കുണ്ടായ പരാജയത്തിനു പിന്നാലെയാണ് അജിത് പവാറിന്റെ എൻസിപിയിൽനിന്നു ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള മാതൃപാർട്ടിയിലേക്ക് തിരിച്ചൊഴുക്ക് ആരംഭിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 4 സീറ്റിൽ മത്സരിച്ച അജിത് പവാർ പക്ഷം ഒരിടത്തു മാത്രമാണ് വിജയിച്ചത്. മത്സരിച്ച 10 സീറ്റുകളിൽ എട്ടിടത്തും ജയിച്ച ശരദ് പവാറിന്റെ എൻസിപി മിന്നും പ്രകടനമാണ് കാഴ്ചവച്ചത്.
അജിത് വിഭാഗത്തിലെ 19 എംഎൽഎമാർ ബന്ധപ്പെട്ടതായി ശരദ് പവാർ പക്ഷത്തെ നേതാവ് രോഹിത് പവാർ അവകാശപ്പെട്ടിരുന്നു. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിലെ ചില എംഎൽഎമാർ തന്റെ പാർട്ടിയുടെ മുതിർന്ന നേതാവായ ജയന്ത് പാട്ടീലുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ശരദ് പവാറും സ്ഥിരീകരിച്ചു. പിന്നാലെ, ബുധനാഴ്ച 20 മുൻ കോർപറേറ്റർ ഉൾപ്പെടെ 25 നേതാക്കൾ എൻസിപി അജിത് പവാർ പക്ഷത്തുനിന്നു രാജിവച്ച് ശരദ് പവാറിനൊപ്പം ചേർന്നു. 2023 ജൂലൈയിലാണ് അജിത് പവാറിന്റെ നേതൃത്വത്തിൽ 41 എംഎൽഎമാർ എൻസിപി പിളർത്തി എൻഡിഎ സഖ്യത്തിൽ ചേർന്നത്. വൈകാതെ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗത്തെ യഥാർഥ എൻസിപിയായി തിരഞ്ഞെടുപ്പു കമ്മിഷനും മഹാരാഷ്ട്ര നിയമസഭാ സ്പീക്കറും അംഗീകരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി തോറ്റതിനു കാരണം അജിത് പവാറുമായുള്ള സഖ്യമാണെന്ന് ആർഎസ്എസ് ബന്ധമുള്ള മറാഠി വാരിക ആരോപിച്ചു. 2019ലെ തിരഞ്ഞെടുപ്പിൽ 23 സീറ്റിൽ വിജയിച്ച ബിജെപിക്ക് ഇത്തവണ 9 സീറ്റു മാത്രമാണ് ലഭിച്ചത്.