MDMA വിഴുങ്ങി മരിച്ച ഷാനിദിൻ്റെ സുഹൃത്ത് MDMA യുമായി പിടിയിൽ

കോഴിക്കോട്:എംഡിഎംഎ പാക്കറ്റുകൾ വിഴുങ്ങി മരിച്ച ഷാനിദിൻ്റെ സുഹൃത്ത് എംഡിഎംഎയുമായി എക്‌സൈസിൻ്റെ പിടിയിൽ. താമരശേരിക്ക് സമീപം അമ്പായത്തോട് മേലെ പള്ളിയിൽ പൊലീസിൻ്റെ വാഹന പരിശോധനക്കിടെയാണ് താമരശേരി സ്വദേശി മിർഷാദ് എന്ന മസ്‌താൻ പിടിയിലായത്. ഇരിങ്ങാടം പള്ളി റോഡിൽ നിന്നാണ് ഇയാളെ കോഴിക്കോട് എക്‌സൈസ് സംഘം പിടികൂടിയത്.
രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപയുടെ 58 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. താമരശേരി കൊടുവള്ളി മേഖലയിൽ സ്ഥിരമായി എംഡിഎംഎ വിൽപ്പന നടത്തുന്നവരിലെ പ്രധാന കണ്ണിയാണ് മിർഷാദെന്ന് എക്‌സൈസ് പറഞ്ഞു. ഇയാൾ വിൽപ്പന നടത്തിയ എംഡിഎംഎയാണ് ഷാനിദ് പൊലീസിനെ കണ്ടപ്പോൾ വിഴുങ്ങിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.ഷാനിദിൻ്റെ മരണത്തിന് ശേഷം അധികൃതർ മിർഷാദിനെ നിരീക്ഷിക്കുകയായിരുന്നു. അതിനിടയിലാണ് ഇന്ന് കോവൂരിൽ ഇയാൾ എത്തിയിട്ടുണ്ട് എന്ന വിവരം സംഘം അറിയുന്നത്. തുടർന്ന് അവിടെയെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. താമരശേരിയിൽ അടിക്കടി ഉണ്ടാവുന്ന ലഹരി ഉപയോഗിച്ചുള്ള കൊലപാതകങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോ എന്ന വിവരവും അന്വേഷിക്കും. വരുംദിവസങ്ങളിലും ലഹരിമരുന്ന് പിടികൂടുന്നതിനുള്ള നീക്കങ്ങൾ എക്സൈസിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.