പാലോട് രവി / ഫോൺവിവാദം : മാധ്യമവാർത്തകൾ തെറ്റിദ്ധാരണ പരത്തിയെന്ന് എൻ.ശക്തൻ

തിരുവനന്തപുരം: പാലോട് രവിയുടെ ഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും, അദ്ദേഹം ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ്റെ താൽക്കാലിക ചുമതലയുള്ള എൻ ശക്തൻ. സംഭാഷണം പൂർണമായി കേട്ടതിന് ശേഷമാണ് തനിക്ക് ഇത് ബോധ്യപ്പെട്ടതെന്നും, കെപിസിസി നേതൃത്വവുമായി ഇക്കാര്യം സംസാരിക്കുമെന്നും ശക്തൻ വ്യക്തമാക്കി.
മാധ്യമങ്ങൾ സംഭാഷണം പൂർണമായി പുറത്തുവിട്ടിരുന്നെങ്കിൽ പാലോട് രവിക്ക് ഈ സാഹചര്യം ഉണ്ടാകില്ലായിരുന്നെന്നും എൻ. ശക്തൻ ചൂണ്ടിക്കാട്ടി. “ഒരു ബ്ലോക്ക് ഭാരവാഹിയുമായി പ്രവർത്തനത്തെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസം പാർട്ടി പ്രവർത്തനത്തെ ബാധിക്കുമ്പോൾ, അദ്ദേഹത്തെ വിരട്ടുന്നതിന് വേണ്ടി വല്ലതും പറഞ്ഞിരിക്കാം. അതിൽ പൂർണമായും പറഞ്ഞിട്ടുണ്ട്, നിങ്ങൾ ഇങ്ങനെ പിണങ്ങി നിന്നാൽ നമ്മൾ ഒരിടത്തും എത്തില്ല എന്ന്. അതുകൊണ്ട് യോജിച്ച് പോകണം. നമ്മുടെ അഭിപ്രായ വ്യത്യാസം മാറ്റിവച്ച് ഒറ്റക്കെട്ടായി മുൻപോട്ട് പോകണമെന്ന് പറയുന്നത് ഒരു തെറ്റായി ഞാൻ കാണുന്നില്ല,” അദ്ദേഹം പറഞ്ഞു.
പാലോട് രവി ഉപയോഗിക്കാൻ പാടില്ലാത്ത ഒന്നുരണ്ട് വാക്കുകൾ ഉപയോഗിച്ചുപോയത് മാത്രമാണ് താൻ കാണുന്ന തെറ്റെന്നും ശക്തൻ കൂട്ടിച്ചേർത്തു. പ്രവർത്തനം ശക്തമാക്കുന്നതിനും അഭിപ്രായ വ്യത്യാസം മറന്നുകൊണ്ട് സമയത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് പറയുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.