ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കണമെന്ന് ബംഗ്ലാദേശ്
ന്യൂഡല്‍ഹി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയേയും മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന് കമാലിനെയും ഉടന്‍ കൈമാറണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശ്. ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി കൈമാറ്റ കരാര്‍ പ്രകാരം രണ്ട് കുറ്റവാളികളെയും കൈമാറണമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികള്‍ക്ക് അഭയം നല്‍കുന്നത് സൗഹൃദപരമല്ലാത്ത പ്രവൃത്തിയും നീതിയോടുള്ള അവഗണനയുമായി കണക്കാക്കുമെന്നാണ് ബംഗ്ലാദേശ് വ്യക്തമാക്കിയത്. ഇന്നോ നാളെയോ രേഖാമൂലം ഇന്ത്യയോട് ആവശ്യം ഉന്നയിക്കുമെന്നും ബംഗ്ലാദേശ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.
ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടുവെന്ന് ഇന്ത്യ നേരത്തെ പ്രതികരിച്ചിരുന്നു. ബംഗ്ലാദേശിലെ ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് ഇന്ത്യ പ്രതിബദ്ധമാണെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ബംഗ്ലാദേശിന്റെ സ്ഥിരത, സമാധാനം, ജനാധിപത്യം എന്നിവയ്ക്ക് എല്ലാ കക്ഷികളുമായും ആശയവിനിമയം തുടരും എന്നും ഇന്ത്യ വ്യക്തമാക്കി.ഷെയ്ഖ് ഹസീനയെ കൈമാറണം എന്ന് ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടം ഇന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുണ്ടാവില്ല എന്ന സൂചനയാണ് ഇക്കാര്യം പരാമര്‍ശിക്കാത്ത ഇന്ത്യയുടെ പ്രതികരണം നല്‍കുന്നത്. രാഷ്ട്രീയ കാരണങ്ങളാലുള്ള കേസിന് കുറ്റവാളികളെ കൈമാറാന്‍ ഉടമ്പടി ബാധകമല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.
