ആസുത്രിതമായി കൊല്ലാന്‍ ശ്രമിച്ചു. ഷാജന്‍ സ്‌കറിയ

തൊടുപുഴ : തന്നെ കൊലപ്പെടുത്താന്‍ ആസൂത്രിതമായി എത്തിയതാണ് സംഘമെന്ന് മാധ്യമപ്രവര്‍ത്തകനും മറുനാടന്‍ മലയാളി എഡിറ്ററുമായ ഷാജന്‍ സ്‌കറിയ. തൊടുപുഴയില്‍ കഴിഞ്ഞദിവസം വാഹനം തടഞ്ഞ് നടന്ന മര്‍ദനത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ നാളായി ആസൂത്രണം നടക്കുകയാണ്. അവര്‍ വാഹനം തടഞ്ഞ രീതിയും ആക്രമണ സ്വഭാവവും കണക്കിലെടുത്താല്‍ അത് വ്യക്തമാണ്. ശ്വാസം മുട്ടിച്ചുകൊലപ്പെടുത്താനായിരുന്നു നീക്കം. സിപിഎം പ്രവര്‍ത്തകന്‍ മാത്യൂസ് കൊല്ലപ്പള്ളിയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളുടെ ചിത്രം കാണിച്ചു. അവരെ താന്‍ തിരിച്ചറിഞ്ഞു.
ഷാജന്‍ സ്‌കറിയയെ വാഹനം തടഞ്ഞ് ആക്രമിച്ചു പരുക്കേല്‍പിച്ച 5 പേര്‍ക്കെതിരെ വധശ്രമത്തിനു ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തതായി തൊടുപുഴ പൊലീസ്. പ്രതികള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നും ഇതില്‍ 4 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതികള്‍ ഒളിവിലെന്നാണു പൊലീസിന്റെ വിശദീകരണം. കാറില്‍ സഞ്ചരിക്കവേ ശനി വൈകിട്ട് ആറരയോടെ മങ്ങാട്ടുകവലയിലാണു ഷാജനു മര്‍ദേനമേറ്റത്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നു കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു. വിയോജിപ്പുകളെ നിയമപരമായും ജനാധിപത്യപരമായും നേരിടുന്നതിനു പകരം കയ്യൂക്കിന്റെ വഴിയിലേക്കു നീങ്ങുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രസിഡന്റ് കെ.പി.റെജി, ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ എന്നിവര്‍ അറിയിച്ചു.