ഡോ. ഷഹനയുടെ ആത്മഹത്യ: റുവൈസിന് പഠനം തുടരാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥിനി ഡോ. ഷഹന ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഡോ. ഇ.എ റുവൈസിൻ്റെ പിജി പഠനം ഹൈക്കോടതി തടഞ്ഞു. പഠനം തുടരാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാകാണുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിൻ്റെ നടപടി.
കോളേജിലെ അച്ചടക്കസമിതി വീണ്ടും ചേരാൻ ഹൈക്കോടതി നിർദേശിച്ചിരിക്കുകയാണിപ്പോൾ. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. കഴിഞ്ഞ മാർച്ച് പതിനാലിനാണ് റുവൈസിന് പഠനം തുടരാൻ ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് അനുമതി നൽകി ഉത്തരവിട്ടത്. മെറിറ്റിൽ പ്രവേശനം നേടിയ റുവൈസിന് പഠനം തുടരാനായില്ലെങ്കിൽ പരിഹരിക്കാനാവാത്ത നഷ്ടമുണ്ടാകുമെന്നായിരുന്നു സിംഗിൾ ബെഞ്ചിൻ്റെ വിലയിരുത്തൽ.
എന്നാൽ പ്രതിയുടെ പേരിലുള്ള കുറ്റം ഗുരുതരമാണെങ്കിലും തെളിയാത്ത സാഹചര്യത്തില്‍ പഠനം തുടരാന്‍ തടസ്സമില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം.മതിയായ ഹാജർ ഇല്ലാത്തതിനാൽ പരീക്ഷയെഴുതാൻ സാധിക്കില്ലെന്ന് ആരോഗ്യസർവകലാശാല ബോധിപ്പിച്ചെങ്കിലും, കുറ്റവാളുകൾക്കും ചില അടിസ്ഥാന അവകാശങ്ങൾ ഉണ്ടെന്നായിരുന്നു കോടതിയുടെ ഭാഗം.
സ്ത്രീധനത്തിൻ്റെ പേരിൽ വിവാഹത്തിൽ നിന്ന് റുവൈസ് പിന്മാറിയതിൽ മനംനൊന്ത് ഡോ. ഷഹന ജീവനൊടുക്കിയത്. കഴിഞ്ഞവർഷം നാലിനാണ് ഷഹന മരണപെട്ടത്. പിന്നലെ ആത്മഹത്യാപ്രേരണക്കും സ്ത്രീധന നിരോധന നിയമപ്രകാരവും റൂവൈസിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഷഹനയുടെ മരണത്തിൽ പ്രതിയായതോടെ റുവൈസിനെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെ സസ്പെൻഷൻ മൂന്നുമാസത്തേക്ക് നീട്ടുകയായിരുന്നു.
ഷഹന ജീവനൊടുക്കാൻ പോകുകയാണെന്നറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ തയാറായില്ല. സന്ദേശം എത്തിയതിന് പിന്നാലെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതൽ തകരാൻ കാരണമായെന്നുമാണ് പോലീസിൻ്റെ കണ്ടെത്തൽ.