ഷാഹിനയുടെ ആത്മഹത്യക്ക് പിന്നിൽ സുഹൃത്തായ സിപിഐ നേതാവെന്ന് ഭർത്താവ്
മണ്ണാർക്കാട് : എഐവൈഎഫ് വനിതാ നേതാവ് ഷാഹിന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷാഹിനയുടെ സുഹൃത്തായ സിപിഐ നേതാവിനെതിരെ പരാതിയുമായി ഭർത്താവ് സാദിഖ്. സുഹൃത്തിനെതിരെ സിപിഐ ജില്ലാ സെക്രട്ടറിക്കാണ് സാദിഖ് പരാതി നൽകിയത്. ഇയാൾക്കെതിരെ സാദിഖ് പൊലീസിലും മൊഴിയും നൽകി. വിദേശത്തായിരുന്ന സാദിഖ് ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. ഷാഹിനയുടെ സുഹൃത്തിന്റെ അമിതമായ ഇടപെടലിലൂടെ ഷാഹിനയ്ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ട്. തന്റെ കുടുംബ സ്വത്ത് വിഹിതം വിറ്റു കിട്ടിയ പണത്തിലാണ് ബാധ്യത തീർത്തത്. ഇതിനുശേഷം വ്യക്തിഗത വായ്പയും എടുത്തിരുന്നു. തങ്ങൾ തമ്മിലുള്ള പ്രശ്നം കാരണം ഒരിക്കലും ഷാഹിന ആത്മഹത്യ ചെയ്യില്ലെന്നും സാദിഖ് പറയുന്നു. ഷാഹിനയുടെ ആത്മഹത്യക്ക് ഉത്തരവാദികളായവരെ നിയമത്തിന്റെ മുൻപിൽ കൊണ്ടു വരണമെന്നും സാദിഖ് പറഞ്ഞു. തിങ്കളാഴ്‌ച രാവിലെയാണ് വടക്കുമണ്ണത്തെ വാടക വീട്ടിൽ ഷാഹിനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.