ഷഹബാസ് കൊലപാതകം ; പോലീസ് ഓഡിയോ സന്ദേശങ്ങളുടെ ഉറവിടംതേടുന്നു

0

കോഴിക്കോട്: താമരശേരിയിലെ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിന്‍റെ കൊലപാതകത്തിൽ മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണ സംഘം. സംഘർഷം ആസൂത്രണം ചെയ്‌ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് പൊലീസ് ‘മെറ്റ’ യോട് (കാലിഫോർണിയയിലെ മെൻലോ പാർക്ക് ആസ്ഥാനമായുള്ള ഒരു അമേരിക്കൻ ബഹുരാഷ്ട്ര സാങ്കേതിക കൂട്ടായ്‌മയാണ് മെറ്റ. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്‌സ്‌ ആപ്പ്, ത്രെഡുകൾ എന്നിവയും മറ്റ് ഉത്‌പന്നങ്ങളും സേവനങ്ങളും നടത്തുന്ന കമ്പനിയാണ്.) വിവരങ്ങൾ ആരാഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകൾ വ്യാജമാണോ എന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മെറ്റയ്ക്ക് മെയിൽ അയച്ചു.

വാട്‌സ്‌ ആപ്പ്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കായി ഉപയോഗിച്ച ഡിവൈസുകളുടെ വിവരം അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്. കൊലപാതകം സംബന്ധിച്ച ആസൂത്രണത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

അതിനിടെ ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമില്‍ റിമാന്‍ഡില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ എസ്എസ്എൽസി പരീക്ഷ എഴുതുന്നതിനെതിരെ ഇന്നും പ്രതിഷേധം രൂക്ഷമാണ്. പ്രതിപക്ഷ വിദ്യാർഥി സംഘടനകളാണ് പ്രതിഷേധം നടത്തിയത്. കനത്ത പൊലീസ് കാവലിലാണ് പരീക്ഷ നടത്തുന്നത്. ഇന്നലെ റിമാന്‍ഡിലായ വിദ്യാര്‍ഥി ഉള്‍പ്പെടെ ആറ് വിദ്യാര്‍ഥികളാണ് ജുവൈനൽ ഹോമില്‍ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തിൽ പരീക്ഷ എഴുതുന്നത്.മാര്‍ച്ച് 1നാണ് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിടെ തലയ്‌ക്ക് ഗുരുതര പരിക്കേറ്റ ഷഹബാസ് മരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *