കെ.കെ. ശൈലജയ്ക്കെതിരെ ഷാഫിയുടെ വക്കീൽ നോട്ടീസ്; 24 മണിക്കൂറിനുള്ളിൽ ആരോപണങ്ങൾ പിന്‍വലിച്ച് മാപ്പ് പറയണം

വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്‌ക്ക് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ വക്കീൽ നോട്ടീസ്. അശ്ലീല വിഡിയോ പ്രചരിപ്പിച്ചതായി തനിക്കെതിരെയുള്ള ആരോപണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നത്. 24 മണിക്കൂറിനകം വാർത്താസമ്മേളനം വിളിച്ച് ആരോപണങ്ങൾ പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഷാഫി വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വടകരയിൽ ഇരുവിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. താനും പാർട്ടി പ്രവർത്തകരും കൂടി എതിർ സ്ഥാനാർത്ഥിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ചുള്ള അശ്ലീല വിഡിയോകൾ പ്രചരിപ്പിക്കുന്നുവെന്നാണ് കെ കെ ശൈലജ പറഞ്ഞിട്ടുള്ളതെന്ന് ഷാഫി വക്കീൽ നോട്ടിസിൽ പറയുന്നു.
തന്റെ പ്രായമായ മാതാവിനെ പോലും സിപിഎം പ്രവർത്തകർ വെറുതെ വിടുന്നില്ലെന്നും അത്രയധികം സൈബർ ആക്രമണമാണ് തങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്നതെന്നും ഷാഫി പരാതിയിൽ പറയുന്നു.അശ്ലീല വിഡിയോയെക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന് 20ന് നടത്തിയ വാർത്താസമ്മേളനത്തിൽ ശൈലജ പറഞ്ഞത് ശരിയല്ലെന്നു ഷാഫി പറയുന്നു. മോർഫ് ചെയ്ത ചിത്രങ്ങൾ അടക്കമുള്ള അശ്ലീല വിഡിയോ കുടുംബ വാട്സാപ് ഗ്രൂപ്പുകളിൽ അടക്കം പ്രചരിക്കുന്നെന്ന് ശൈലജ മുമ്പ് പറഞ്ഞിട്ടുണ്ടായിരുന്നു. ഇപ്പോൾ ഇല്ലെന്നു പറയുന്നത്, തന്നെ മോശക്കാരനാക്കാനും തെരഞ്ഞെടുപ്പിൽ പൊതുജനത്തിന്റെ സഹതാപം പിടിച്ചു പറ്റാനുമാണെന്നും ഷാഫി വക്കീൽ നോട്ടിസിൽ പറയുന്നു.