തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം : പരാതിസമിതിയുടെ സുരക്ഷ സുപ്രധാന വിഷയം -സുപ്രീം കോടതി.

0

ന്യൂഡല്‍ഹി: തൊഴിലിടങ്ങളിലെ ലൈംഗിക പീഡന ആഭ്യന്തര പരാതി സമിതികളില്‍ അംഗങ്ങളായവര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്‌പര്യ ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീം കോടതി. ഇതൊരു സുപ്രധാനവിഷയമാണെന്നും കോടതി നിരീക്ഷിച്ചു. ജസ്‌റ്റിസുമാരായ സൂര്യകാന്ത്, കോടീശ്വര്‍ സിങ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന് മുന്നിലാണ് പരാതി എത്തിയത്.

മുന്‍ മാധ്യമപ്രവര്‍ത്തക ഓള്‍ഗ ടെല്ലിസും, ഐസിസി സമിതിയിലെ മുന്‍ അംഗം ജാനകി ചൗധരിയുമാണ് ഹര്‍ജിക്കാര്‍. സ്വകാര്യ തൊഴിലിടങ്ങളില്‍ സ്‌ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം തടയല്‍, നിരോധനം, പരിഹാര നിയമ പ്രകാരം രൂപീകരിച്ചിട്ടുള്ള ആഭ്യന്തര സമിതികളിലെ വനിതാ ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ഇവര്‍ക്കെതിരെ പ്രതികാര നടപടികള്‍ ഉണ്ടാകുന്നത് തടയണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകനായ മുനവര്‍ നസീം വഴിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.ഇക്കാര്യത്തില്‍ കോടതി നേരത്തെ തന്നെ നോട്ടീസ് നല്‍കിയിട്ടുള്ളതാണെന്ന് വിചാരണക്കിടെ ബെഞ്ച് വ്യക്തമാക്കി. എന്നാല്‍ ആരും ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. ഈ സ്ഥിതിക്ക് വിഷയത്തിന്‍റെ പ്രാധാന്യം പരിഗണിച്ച് ഒരു അമിക്കസ്ക്യൂറിയെ നിയമിക്കാമെന്നും ബെഞ്ച് പറഞ്ഞു. സോളിസിറ്റര്‍ ജനറലിന് പരാതിയുടെ പകര്‍പ്പ് നല്‍കണമെന്നും അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു. അടുത്ത വിചാരണ ദിവസം ആരും ഹാജരായില്ലെങ്കില്‍ അമിക്കസ് ക്യൂറിയെ നിയോഗിക്കുമെന്നും കോടതി വ്യക്തമാക്കി.അടുത്ത ആഴ്‌ച ഹര്‍ജി വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഈ വിഷയത്തില്‍ പരമോന്നത കോടതി കേന്ദ്ര വനിത ശിശുക്ഷേമമന്ത്രാലയത്തിന് നോട്ടീസ് നല്‍കിയിരുന്നു. സ്വകാര്യ തൊഴിലിടങ്ങളിലെ ഐസിസി അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ തൊഴിലിടങ്ങളിലെ ഐസിസി അംഗങ്ങള്‍ക്ക് ലഭിക്കുന്ന സംരക്ഷണം കിട്ടുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *