അധ്യാപകൻ്റെ ലൈംഗികാതിക്രമം : ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനി മരിച്ചു

0
rape

ഭുവനേശ്വർ: കോളജ് അധ്യാപകൻ്റെ ലൈംഗികാതിക്രമത്തെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനി മരിച്ചു. ഭുവനേശ്വർ എംയിസിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് വിദ്യാർഥിനി മരിച്ചത്. കുറ്റം ചെയ്‌തവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മൂന്നംഗ സമിതി രൂപീകരിച്ചു. സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട കോളജ് പ്രിൻസിപ്പലിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്‌തിരുന്നു.അധ്യാപകനെതിരെ ലൈംഗിക അതിക്രമ പരാതി നൽകിയിട്ടും നടപടികൾ ഉണ്ടായില്ലെന്ന ആരോപണം ഉയർന്നിരുന്നു. ഇൻ്റേണൽ കംപ്ലയിൻ്റ് കമ്മിറ്റിയുടെ (ഐസിസി) അന്വേഷണത്തിൽ തെളിവുകൾ കണ്ടെത്താത്തതിനാൽ അധ്യാപകനെതിരെയുള്ള ആരോപണം പിൻവലിക്കാൻ പ്രിൻസിപ്പൽ വിദ്യാർഥിയോട് ആവശ്യപ്പെട്ടിരുന്നു. ആരോപണവിധേയനായ അധ്യാപകനെ പ്രിൻസിപ്പൽ സംരക്ഷിക്കുന്നുവെന്ന് ബാലസോർ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രതാപ് സാരംഗി ആരോപിച്ചു.

എന്നാൽ നിയമം അനുശാസിക്കുന്ന കഠിനമായ ശിക്ഷ പ്രതിക്ക് ലഭിക്കുമെന്ന് വിദ്യാർഥിയുടെ കുടുംബത്തിന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി ഉറപ്പ് നൽകി. “വിദ്യാർഥിനിയുടെ മരണത്തിൽ ദുഃഖിതനാണ്. സർക്കാരിൻ്റെയും വിദഗ്‌ധ മെഡിക്കൽ സംഘത്തിൻ്റെയും അക്ഷീണ പരിശ്രമം ഉണ്ടായിരുന്നിട്ടും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.കേസിലെ എല്ലാ കുറ്റവാളികൾക്കും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കുമെന്ന് വിദ്യാർഥിനിയുടെ കുടുംബത്തിന് ഉറപ്പ് നൽകുന്നു. നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർഥിനിയുടെ കുടുംബത്തോടൊപ്പം സർക്കാർ ഉറച്ചുനിൽക്കുന്നു” -മോഹൻ ചരൺ മാജി എക്‌സിൽ കുറിച്ചു.അനുശോചനം രേഖപ്പെടുത്തി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനും വിദ്യാർഥിനിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. വിദ്യാർഥിനിയുടെ മരണവാർത്ത വളരെയധികം ദുഃഖമുണ്ടാക്കുന്നുവെന്നും കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും കേന്ദ്രമന്ത്രി എക്‌സിൽ കുറിച്ചു.

ബിജെപി ഭരിക്കുന്ന ഒഡിഷ സംസ്ഥാനത്ത് സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ ഭുവനേശ്വറിലും ബാലസോറിലും പ്രകടനങ്ങൾ നടത്തി. മകളുടെ മരണത്തിന് ഉത്തരവാദികളായവർക്ക് വധശിക്ഷ നൽകണമെന്ന് മരിച്ച വിദ്യാർഥിനിയുടെ അമ്മ ആവശ്യപ്പെട്ടു. വിദ്യാർഥിനിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ ബിജു ജനതാദൾ (ബിജെഡി) പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

ജില്ലാ പൊലീസിന് പുറമേ ക്രൈംബ്രാഞ്ചും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും അന്വേഷണം വേഗത്തിലാക്കാൻ സ്വിഫ്റ്റ് ട്രയൽ ഇൻവെസ്റ്റിഗേഷൻ (എസ്‌ഐടി) രൂപീകരിച്ചിട്ടുണ്ടെന്നും ഈസ്റ്റേൺ റേഞ്ച് പൊലീസ് ഡിഐജി സത്യജിത് നായിക് പറഞ്ഞു.

സംഭവത്തെക്കുറിച്ച് ഒഡിഷ സംസ്ഥാന ഗവർണർ ഹരി ബാബു കമ്പംപതി സംസ്ഥാന സർക്കാരിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടി. ഉന്നത വിദ്യാഭ്യാസ മന്ത്രി സൂര്യബൻഷി സൂരജിനോട് അന്വേഷണ നടപടികൾ അറിയിക്കാൻ ആവശ്യപ്പെട്ടു. വനിതാ-ശിശു വികസനം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ-കുടുംബക്ഷേമ വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിമാരുമായി ചീഫ് സെക്രട്ടറി മനോജ് അഹൂജ നടത്തിയ കൂടിക്കാഴ്‌ച നടത്തി.

2013 ലെ ലൈംഗിക അതിക്രമ നിയമപ്രകാരമുള്ള ആഭ്യന്തര കമ്മിറ്റിയിലെ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ക്യാമ്പസുകളിൽ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കാൻ സംസ്ഥാന വിദ്യാഭ്യാസ ഡയറക്‌ടറേറ്റ് എല്ലാ കോളജുകൾക്കും സർവകലാശാലകൾക്കും നിർദേശം നൽകി.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *