കാനഡയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനമോടിച്ച് കയറ്റി, നിരവധി മരണം

മോണ്ട്രിയല്‍: കാനഡയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനമോടിച്ച് കയറ്റി നിരവധി പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കനേഡിയന്‍ നഗരമായ വാന്‍കൂവറിലാണ് സംഭവം. തെരുവിലെ ആഘോഷങ്ങള്‍ക്കിടയിലേക്കാണ് വാഹനം ഓടിച്ച് കയറ്റിയത്. പ്രാദേശിക സമയം രാത്രി എട്ട് മണിയോടെയാണ് സംഭവം.
ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അന്വേഷണം നടത്തി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് കൊണ്ടു വരുമെന്നും വാന്‍കൂവര്‍ പൊലീസ് എക്‌സില്‍ കുറിച്ചു. ഫിലിപ്പൈന്‍ പൈതൃക ആഘോഷമായ ലാപു ലാപുവിനിടയിലേക്കാണ് എസ്‌യുവി ഓടിച്ച് കയറ്റിയത്. അപകടമുണ്ടാക്കിയ കറുത്ത നിറത്തിലുള്ള എസ്‌യുവിയുടെ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതേസമയം അപകടമുണ്ടാക്കിയ ഡ്രൈവറെ കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. ആക്രമണത്തിന്‍റെ ഉദ്ദേശ്യവും വ്യക്തമാക്കിയിട്ടില്ല. 20കാരനായ ഏഷ്യക്കാരനെ അറസ്റ്റ് ചെയ്‌ത് കൊണ്ടു പോകുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.പതിനാറാം നൂറ്റാണ്ടിലെ ഫിലിപ്പൈന്‍ സാമ്രാജ്യത്വ വിരുദ്ധ നേതാവിനെ അനുസ്‌മരിക്കുന്ന ഘോഷ പരിപാടിയിലേക്ക് വാഹനമോടിച്ച് കയറ്റുകയായിരുന്നുവെന്ന് വാന്‍കൂവര്‍ മേയര്‍ കെന്‍ സിം സ്ഥിരീകരിച്ചു. ലാപുലാപു ദിനത്തിലുണ്ടായ ഈ ദുരന്തം തന്നെ അഗാധ ദുഃഖത്തിലാഴ്ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. വാന്‍കൂവറിലെ ഫിലിപ്പൈന്‍ സമൂഹത്തോടൊപ്പം അവരുടെ ഈ വിഷമഘട്ടത്തില്‍ തങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.