സേര്‍ച്ച് കമ്മിറ്റി: കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി

0
SUPRE COURT

ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വിസിമാരുടെ നിയമനത്തില്‍ വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സുധാംശു ധൂലിയ സേര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സനാകും. സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതി നടപടി. രണ്ടുമാസത്തിനുള്ളില്‍ വിസിമാരെ നിയമിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

സംസ്ഥാനത്തിന്റെയും ചാന്‍സലറുടേയും രണ്ട് വീതം നോമിനികള്‍ അടങ്ങിയ സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനും കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കകം കമ്മിറ്റി രൂപീകരിക്കണമെന്നും രണ്ടുമാസത്തിനുള്ളില്‍ വിസി നിയമനം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. കമ്മിറ്റിയിലെ മറ്റ് അംഗങ്ങളെ സേര്‍ച്ച് കമ്മിറ്റി ചെയര്‍മാന് തീരുമാനിക്കാമെന്ന് കോടതി നിര്‍ദേശിച്ചു.

കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത ബംഗാള്‍ കേസില്‍ നേരത്തെ മുന്‍ ചീഫ് ജസ്റ്റിസ് യുയു ലളിതിനെ സെര്‍ച്ച് കമ്മിറ്റി ചെയര്‍മാന്‍ ആക്കിയ ഉത്തരവ് ചൂണ്ടിക്കാട്ടി ആ വിധിക്ക് സമാനമായ വിധി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിച്ചില്ലെങ്കില്‍ വിസി നിയമനം ഏകപക്ഷീയമായ നടപടിയിലേക്ക് പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജെബി പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം അംഗീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ സുപ്രീം കോടതി റിട്ടയേര്‍ഡ് ജഡ്ജ് സുധാംശു ധൂലിയെ സേര്‍ച്ച് കമ്മിറ്റി അധ്യക്ഷനാക്കി ഉത്തരവിറക്കി. സേര്‍ച്ച് കമ്മിറ്റി അധ്യക്ഷന് ഓരോ സിറ്റിങിനും മൂന്ന് ലക്ഷം വീതം ഓണറേറിയം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *