വൈദ്യൻ ഷാബാ ശരീഫ് കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

മലപ്പുറം : പ്രമാദമായ മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫ് കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്. ഒന്നാം പ്രതി ഷൈബിന്‍ അഷറഫ്, രണ്ടാം പ്രതി ശിഹാബുദ്ദീന്‍, ആറാം പ്രതി നിഷാദ് എന്നിവര്‍ കുറ്റക്കാരാണെന്ന് മഞ്ചേരി ഒന്നാം അഡിഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. ഇവരുടെ ശിക്ഷയാണ് ഇന്ന് വിധിക്കുക.
പ്രതികള്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. കേസിലെ മറ്റ് 12 പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോര്‍ത്താനായി ഷാബ ശരീഫിനെ തട്ടിക്കൊണ്ട് വന്ന് മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണ് കേസ്.
കൊലയ്‌ക്ക് ശേഷം മൃതദേഹം വെട്ടിനുറുക്കി ചാലിയാറില്‍ എറിഞ്ഞതിനാല്‍ മൃതദേഹമോ മൃതദേഹാവശിഷ്‌ടങ്ങളോ കണ്ടെത്താന്‍ സാധിച്ചില്ല. അതുകൊണ്ട് തന്നെ കേസില്‍ നിര്‍ണായകമായത് ശാസ്‌ത്രീയ പരിശോധനാ ഫലങ്ങളാണ്. മൃതദേഹാവശിഷ്‌ടങ്ങള്‍ ലഭിക്കാതെ വിചാരണ പൂര്‍ത്തിയാക്കിയ കേരളത്തിലെ അപൂര്‍വ കൊലക്കേസ് ആണിത്.
2020 ഒക്ടോബറില്‍ കൊലപ്പെടുത്തി കഷണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ലഭിച്ച തല മുടി ഷാബ ശരീഫിന്‍റേതാണെന്ന് മൈറ്റോകോണ്‍ട്രിയോ ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതാണ് കേസിന് ബലമായത്.