ഓഹരി വിപണിയില്‍ തിരിമറി നടത്താന്‍ എക്‌സിറ്റ് പോളുകള്‍ ഉപയോഗിച്ചു: രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലം വരുന്ന സമയം ഓഹരി വിപണിയില്‍ വന്‍ തട്ടിപ്പ് നടന്നെന്നാണ് ആരോപണം. മെയ് 31ന് ഓഹരി വിപണിയില്‍ വന്‍ നിക്ഷേപം നടന്നു. ജൂണ്‍ നാലിന് വിപണി തകര്‍ന്നപ്പോള്‍ വന്‍ നഷ്ടമുണ്ടായി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഓഹരികള്‍ വാങ്ങാന്‍ ആവശ്യപ്പെട്ടു. സംയുക്ത പാര്‍ലമെന്ററി സമിതി ഈ തട്ടിപ്പ് അന്വേഷിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
എന്തായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപിക്ക് നേരത്തെ അറിയാമായിരുന്നു. പക്ഷേ സ്റ്റോക്ക് മാര്‍ക്കറ്റിനുവേണ്ടി എക്‌സിറ്റ് പോളുകള്‍ തെറ്റായി വരുത്തിത്തീര്‍ത്തു. ഓഹരി വിപണിയില്‍ല തിരിമറി നടത്താന്‍ എക്‌സിറ്റ് പോളുകള്‍ ഉപയോഗിച്ചു. ചില പ്രത്യേക കമ്പനികളുടെ ഓഹരികള്‍ വാങ്ങാന്‍ പ്രധാനമന്ത്രി പ്രേരിപ്പിച്ചു. ചെറുപ്പക്കാര്‍ക്ക് കോടികളാണ് ഓഹരി നിക്ഷേപത്തിലൂടെ നഷ്ടമായത്. ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടന്നതെന്നും രാഹുല്‍ പറഞ്ഞു.
മേയ് 30 നും 31 നും വിപണികളില്‍ നടന്ന ഇടപാടുകളെക്കുറിച്ചാണ് രാഹുല്‍ ഗാന്ധി മോദിക്കെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ചത്. ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയും നിക്ഷേപകര്‍ക്ക് എന്തിനാണ് സ്‌റ്റോക് മാര്‍ക്കറ്റ് നിക്ഷേപത്തില്‍ ഉപദേശം നല്‍കി? നിക്ഷേപകര്‍ക്ക് ഉപദേശം നല്‍കലാണോ അവരുടെ ജോലി? വിപണിയില്‍ കൃത്രിമം കാണിച്ചതിന് സെബി അന്വേഷണം നേരിടുന്ന ബിസിനസ് ഗ്രൂപ്പ് നിയന്ത്രിക്കുന്ന ചാനലിന് തന്നെ എന്തിന് രണ്ട് അഭിമുഖങ്ങളും നല്‍കി? ബിജെപിയും വ്യാജ എക്‌സിറ്റ് പോളുകാരും എക്‌സിറ്റ് പോള്‍ ദിവസം വിപണിയിലെത്തി കോടികളുടെ നേട്ടമുണ്ടാക്കിയ വിദേശ നിക്ഷേപകരും തമ്മിലുള്ള ബന്ധമെന്താണെന്നും രാഹുല്‍ ചോദിച്ചു.