സെൻസെക്സ് ഇടിഞ്ഞു, ഒറ്റയടിക്ക് നഷ്ടം 3 ലക്ഷം കോടി ഇന്ത്യൻ വിപണിയിലും ‘അമേരിക്കൻ ചുഴലി’;

0

യുഎസിൽനിന്ന് ആഞ്ഞടിച്ച നിരാശയുടെ കൊടുങ്കാറ്റിൽപ്പെട്ട് ഇന്ത്യൻ ഓഹരി വിപണികളും കനത്ത തകർച്ചയിൽ. സെൻസെക്സ് 500ൽ അധികം പോയിന്റ് ഇടിഞ്ഞാണ് വ്യാപാരം ചെയ്യുന്നത്. നിഫ്റ്റി ഇന്ന് തുടങ്ങിയത് തന്നെ 180ലേറെ പോയിന്റിടിഞ്ഞ് 25,100ന് താഴെ. യുഎസ് വീണ്ടും മാന്ദ്യഭീതിയിലായതും യുഎസ് ഓഹരി വിപണികളായ ഡൗ ജോൺസ്, എസ് ആൻഡ് പി 500, നാസ്ഡാക്ക് എന്നിവ കൂപ്പുകുത്തിയതും ഇന്ന് ഏഷ്യൻ ഓഹരികളെയാകെ ഉലച്ചു. ജപ്പാന്റെ നിക്കേയ്, ഹോങ്കോങ്ങിന്റെ ഹാങ്സെങ്, ചൈയുടെ ഷാങ്ഹായ് തുടങ്ങിയവയെല്ലാം കൂപ്പുകുത്തി. ഇതോടെ, ഇന്ത്യൻ വിപണിയും ഇന്ന് സമ്മർദ്ദത്തിലാകുമെന്ന് ഏറെക്കുറേ ഉറപ്പായിരുന്നു.

നിഫ്റ്റി50ൽ 44 ഓഹരികളും ചുവന്നു. 5 ഓഹരികളാണ് നേട്ടത്തിലുള്ളത്. ഒരു ഓഹരിയുടെ വില മാറിയിട്ടില്ല. കോൾ ഇന്ത്യ 3.6% ഇടിഞ്ഞ് നഷ്ടത്തിൽ ഒന്നാമതുണ്ട്. ഒഎൻജിസി, വിപ്രോ, ഹിൻഡാൽകോ, എൽടിഐ മൈൻഡ്ട്രീ എന്നിവയാണ് 2-3.14% ഇടിഞ്ഞ് നഷ്ടത്തിൽ തൊട്ടുപിന്നാലെയുള്ളത്.

ഏഷ്യൻ പെയിന്റ്സ്, ഗ്രാസിം ഇൻഡസ്ട്രീസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, അൾട്രാടെക് സിമന്റ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ 0.09 മുതൽ‌ 2.14% വരെ ഉയർന്ന് നേട്ടത്തിൽ വ്യാപാരം ചെയ്യുന്നു. വിശാല വിപണിയിൽ എല്ലാ ഓഹരി വിഭാഗങ്ങളും നഷ്ടത്തിലായി. ബാങ്ക് നിഫ്റ്റി 0.65% ഇടിഞ്ഞു. നിഫ്റ്റി ഓട്ടോ 0.89%, നിഫ്റ്റി ഐടി 1.64%, നിഫ്റ്റി മെറ്റൽ 1.23%, പൊതുമേഖലാ ബാങ്ക് 1.80% എന്നിങ്ങനെയും താഴ്ന്നു.

നിരാശ പടർത്തി യുഎസും ചൈനയും

യുഎസ്, ചൈനീസ് വിപണികൾ വീണ്ടും മാന്ദ്യപ്പേടിയിലായതാണ് മെറ്റൽ, ഐടി ഓഹരികളെ തളർത്തുന്നത്. ആഗോള വ്യാവസായിക ഭൂപടത്തിൽ ഏറ്റവും മുന്നിലുള്ള രാജ്യമാണ് ചൈന. ഇന്ത്യൻ ഐടി കമ്പനികളുടെ ഏറ്റവും വലിയ വിപണിയാണ് യുഎസ്. സെൻസെക്സിൽ 3,813 ഓഹരികൾ വ്യാപാരം ചെയ്യുന്നതിൽ 1,618 എണ്ണം നേട്ടത്തിലും 2,037 എണ്ണം നഷ്ടത്തിലുമാണ്. 158 ഓഹരികളുടെ വില മാറിയില്ല. ഇന്ന് വ്യാപാരം ആരംഭിച്ചു നിമിഷങ്ങൾക്കകം തന്നെ, ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽനിന്ന് ഒറ്റയടിക്ക് മൂന്നുലക്ഷം കോടി രൂപ ഒലിച്ചുപോയി. ഒരുവേള 500ൽ അധികം പോയിന്റിടിഞ്ഞ സെൻസെക്സ് നിലവിൽ വ്യാപാരം ചെയ്യുന്നത് 467 പോയിന്റ് നഷ്ടത്തിൽ.

ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യൂണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, അൾട്രടെക് സിമന്റ്, ബജാജ് ഫിൻസെർവ് എന്നിവയാണ് സെൻസെക്സിലും നേട്ടത്തിലുള്ളത്. 0.03% മുതൽ 2.24% വരെയാണ് നേട്ടം. 1.74% ഇടിഞ്ഞ് ജെഎസ്ഡബ്ല്യു സ്റ്റീലാണ് നഷ്ടത്തിൽ മുന്നിൽ. ടെക് മഹീന്ദ്ര, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൽ ആൻഡ് ടി, ആക്സിസ് ബാങ്ക്, ടൈറ്റൻ എന്നിവയും നഷ്ടത്തിൽ മുൻപന്തിയിലുണ്ട്.

യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈ മാസം അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്നാണ് വിലയിരുത്തലുകൾ. ഇന്നലെ പുറത്തുവന്ന മാനുഫാക്ചറിങ് ഇൻഡെക്സ് കണക്ക് യുഎസ് മാന്ദ്യത്തിലേക്ക് എന്ന സൂചന നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച പുറത്തുവരുന്ന തൊഴിൽക്കണക്കിലേക്കാണ് ഇപ്പോൾ ഏവരുടെയും ഉറ്റുനോട്ടം. ഫെഡറൽ റിസർവിന്റെ പലിശ നിർണയത്തെ ഈ കണക്ക് വലിയതോതിൽ സ്വാധീനിക്കും.

കുതിപ്പ് തുടർന്ന് കിറ്റെക്സും കൊച്ചിൻ ഷിപ്പ്‍യാർഡും

കേരളക്കമ്പനികളിൽ അനുകൂല ബിസിനസ് സാഹചര്യങ്ങൾ കരുത്താക്കി കുതിപ്പ് തുടരുകയാണ് കിറ്റെക്സും കൊച്ചിൻ ഷിപ്പ്‍യാർഡും. വിപണിയിലാകെ അലയടിക്കുന്ന നഷ്ടക്കാറ്റ് ഇവയെ ഇതുവരെ ബാധിച്ചിട്ടില്ല. ഇന്നലെ 19% മുന്നേറിയ കിറ്റെക്സ് ഓഹരികൾ ഇന്ന് വ്യാപാരത്തിന്റെ ആദ്യ മണിക്കൂറിൽ തന്നെ 9% കുതിപ്പിലാണ്. കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരി 5 ശതമാനത്തോളം മുന്നേറ്റത്തിൽ. ജിയോജിത് 3.65%, ഈസ്റ്റേൺ ട്രെഡ്സ് 2.72%, ഫാക്ട് 2.05%, പോപ്പീസ് 2% എന്നിങ്ങനെയും നേട്ടത്തിലാണുള്ളത്. 4.88% ഇടിഞ്ഞ് പ്രൈമ ഇൻഡസ്ട്രീസാണ് നഷ്ടത്തിൽ മുന്നിൽ. ജിടിഎൻ ടെക്സ്റ്റൈൽസ് 3.03%, ഡബ്ലുഐപിഎൽ 2.44%, പ്രൈമ അഗ്രോ 2.35%, ഫെഡറൽ ബാങ്ക് 2.3%, കല്യാൺ ജ്വല്ലേഴ്സ് 2.06% എന്നിങ്ങനെയും നഷ്ടത്തിൽ മുൻനിരയിലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *