ഭൂമിയിലെ എന്റെ പൊക്കിള്‍ക്കൊടിയാണ് വേര്‍പെട്ടു പോയത് വൈകാരിക പോസ്റ്റുമായി രമേശ് ചെന്നിത്തല

ചെന്നിത്തല : അമ്മയെ കുറിച്ച് വൈകാരിക പോസ്റ്റുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭൂമിയിലെ എന്റെ പൊക്കിള്‍ക്കൊടിയാണ് വേര്‍പെട്ടു പോയത് എന്ന വേദന ഇടയ്ക്കിടെ ഇരച്ചു കയറുന്നുണ്ടെന്ന് പറഞ്ഞ ചെന്നിത്തല വിദ്യാര്‍ഥി രാഷ്ട്രീയ കാലഘട്ടത്തില്‍ അമ്മ തനിക്ക് തണലായത് വിവരിക്കുകയാണ് പോസ്റ്റില്‍.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…
അമ്മയില്ലാത്ത ഭൂമിയിലേക്ക് ഞാന്‍ ഉണരാന്‍ തുടങ്ങിയിട്ട് മൂന്നു ദിവസങ്ങളാകുന്നു.
91 വര്‍ഷം നീണ്ട ഒരായുസിന്റെ സന്തോഷങ്ങളും അനുഭവങ്ങളുമാര്‍ജിച്ച്, സ്നേഹം വിളമ്പി, എന്റെ മാത്രമല്ല, ഒരുപാടു പേരുടെ അമ്മയായി ആണ് മടക്കമെന്നത് ആശ്വാസം തരുന്നുവെങ്കിലും ഭൂമിയിലെ എന്റെ പൊക്കിള്‍ക്കൊടിയാണ് വേര്‍പെട്ടു പോയത് എന്ന വേദന ഇടയ്ക്കിടെ ഇരച്ചു കയറുന്നുണ്ട്.
ആകാശത്തോളം ഓര്‍മ്മകളാണ്. തിരയിരച്ചു വരുമ്പോലെ ഓര്‍മ്മകളുടെ കടല്‍. സ്നേഹസമുദ്രമായിരുന്നു അമ്മ. എന്റെ ഉയര്‍ച്ചതാഴ്ചകളിലെല്ലാം കരുത്തോടെ ഒപ്പം നടന്നൊരാള്‍. കപ്പല്‍ച്ചേതത്തില്‍ പെട്ട നാവികന്റെ അവസാനത്തെ തുരുത്തു പോലെ ഒടുവില്‍ വന്നണയാന്‍ ഒരിടം. ഓര്‍മ്മകളുടെ കുത്തൊഴുക്കാണ്. അതവസാനിക്കുന്നില്ല.
വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തന കാലഘട്ടത്തില്‍ അച്ഛന്റെ ഉഗ്രശാസനത്തിനും പുത്രസ്നേഹത്തിനുമിടയില്‍ പെട്ടുപോയ ഒരമ്മയുണ്ട്. സ്‌കൂളധ്യാപകനും മാനേജരുമായിരുന്ന വി. രാമകൃഷ്ണന്‍ നായരുടെ മകനെക്കുറിച്ചുള്ള സ്വപ്നങ്ങളും എന്റെ വഴിയും ഒത്തു ചേരാതെ പോയ ഒരു കാലഘട്ടമുണ്ടായിരുന്നു. അന്നതിന്റെ ഇടയില്‍ അകപ്പെട്ട ഒരാളാണ് എന്റെ ദേവകിയമ്മ. പഠിത്തത്തില്‍ മിടുക്കനായിരുന്ന എനിക്ക് പത്താം തരത്തില്‍ ഫസ്റ്റ് ക്ളാസ് കിട്ടുമെന്നായിരുന്നു അധ്യാപകരുടെയും സഹപാഠികളുടെയും പ്രതീക്ഷ. എന്നാല്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ കുത്തൊഴുക്കില്‍ പെട്ടുപോയ എനിക്ക് വെറും അഞ്ചു മാര്‍ക്ക് വ്യത്യാസത്തില്‍ ആ സ്വപ്നം സഫലീകരിക്കാനായില്ല.
റിസള്‍ട്ട് വന്ന ദിവസം ഇന്നുമോര്‍ക്കുന്നു. അച്ഛനും ബന്ധുക്കളും അധ്യാപകരും കുറ്റപ്പെടുത്തുകയാണ്. നിഷ്പ്രയാസം വാങ്ങാമായിരുന്ന ഫസ്റ്റ് ക്ളാസ്, അതുകൊണ്ട് ഗംഭീരമായേക്കാവുന്ന ഭാവി. എല്ലാ കുറ്റപ്പെടുത്തലും കേട്ട് ഹതാശനായിരിക്കുന്ന എന്നെ ഇടയ്ക്കിടെ അമ്മ വന്ന് സാരമില്ല എന്ന മട്ടില്‍ ഒന്നു സ്പര്‍ശിക്കും. തലയിലൊന്നു തടവും. അത് മതിയായിരുന്നു. അതു മാത്രം മതിയായിരുന്നു എല്ലാ ഊര്‍ജവും തിരികെ കിട്ടാന്‍.
ഇതെല്ലാം കഴിഞ്ഞിട്ടും വിദ്യാര്‍ഥി രാഷ്ട്രീയം കളയാതെ കൊണ്ടുനടന്ന എന്നെയോര്‍ത്തു അച്ഛന്‍ വേദനിച്ചു. പലപ്പോഴും അതു കടുത്ത രോഷമായി. അതിനിടയിലെ സമ്മര്‍ദ്ദമെല്ലാം ഏറ്റുവാങ്ങിയത് അമ്മയാണ്. വീട്ടില്‍ കയറ്റരുതെന്ന അച്ഛന്റെ ശാസനയ്ക്കിടെ അടുക്കള വാതില്‍ വൈകിയെത്തുന്ന മകനു വേണ്ടി തുറന്നു വെക്കുമായിരുന്നു അമ്മ. അതില്‍ നാലഞ്ചു പേര്‍ക്കെങ്കിലും ഭക്ഷണം കരുതിയിരിക്കുമായിരുന്നു. കാരണം എന്റെ കൂടെ കൂട്ടുകാരുണ്ടാകുമെന്നും അവര്‍ ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ലെന്നും അമ്മയ്ക്കറിയാം.
പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള ഒരു ദിനം ഓര്‍മ്മയിലിങ്ങനെ മങ്ങാതെ നില്‍ക്കുന്നു. അന്ന് ഞാന്‍ പ്രീഡിഗ്രിക്കാണ് എന്നാണ് ഓര്‍മ്മ. രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഇറങ്ങുന്നതിനെതിരെ പലവട്ടം തന്ന ഉഗ്രശാസനങ്ങള്‍ കേള്‍ക്കാതെ ഞാന്‍ വിദ്യാര്‍ഥി രാഷ്ട്രീയം തുടര്‍ന്നുകൊണ്ടേയിരുന്നു. അങ്ങനെ ഒരു ദിനം രോഷം പൂണ്ട അച്ഛന്‍ എന്നെ മുറിയില്‍ പൂട്ടിയിട്ടു. ഒരു നുള്ളു വറ്റു പോലും കൊടുക്കരുതെന്ന ആജ്ഞയും. അടച്ചിട്ട മുറിക്കുള്ളില്‍ പെട്ടുപോയി. നേരം വൈകി. വിശപ്പു കൊണ്ട് വയറ് കത്തിക്കാളാന്‍ തുടങ്ങി. അച്ഛനാണെങ്കില്‍ വീട്ടിലുണ്ട്. രാത്രിയായി. പച്ചവെള്ളം കൊണ്ട് വിശപ്പടക്കാന്‍ നോക്കുമ്പോള്‍ ജനാലയ്ക്കരികില്‍ ഒരു വളകിലുക്കം കേട്ടു.
അമ്മയാണ്. പാത്രം നിറയെ ചോറും കറികളുമായി അമ്മ ജനാലയ്ക്കപ്പുറമുണ്ട്. അവിടെ നിന്ന് അമ്മ പാത്രത്തില്‍ ചോറു കുഴച്ച് ഉരുളകളാക്കി ജനാലയഴികളിലൂടെ വായിലേക്കു വെച്ചു തന്നു. ചവയ്ക്കാന്‍ പോലും നില്‍ക്കാതെ അതു വിഴുങ്ങി. അമ്മ പിന്നെയും പിന്നെയും തന്നുകൊണ്ടേയിരുന്നു. അത് കഴിക്കുമ്പോള്‍ ഇരുട്ടത്ത് എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ട്. അമ്മയറിയുന്നുണ്ടാകും……