ഇക്കാര്യം നിർബന്ധമായും ചെയ്തിരിക്കണം, അല്ലെങ്കിൽ പെടും; വണ്ടി പൊളിച്ചുവിൽക്കാൻ ഉദ്ദേശമുണ്ടോ
പഴയ ഉപയോഗശൂന്യമായ വാഹനങ്ങള്‍ വീട്ടില്‍ കിടന്ന് നശിക്കുന്നതു കണ്ട് ആക്രിവിലയ്ക്ക് വിറ്റൊഴിവാക്കാനുള്ള പ്ലാനില്‍ ആണോ? ആക്രിക്കാര്‍ക്ക് പൊളിച്ചുകൊടുക്കുന്നതെല്ലാം കൊള്ളാം, അതിനുമുന്‍പ് ചില നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ വിറ്റുകിട്ടിയ തുകയും അതിനെക്കാള്‍ പണവും കൈയില്‍നിന്നു പോയേക്കാം.
സംഗതിയെന്താണെന്നല്ലേ, ആക്രിക്കടകളില്‍ വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ നിയമം പാലിക്കാത്ത പ്രവണതയ്‌ക്കെതിരേ കടുത്ത നടപടിക്കൊരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഇത്തരത്തിലുള്ള നിയമലംഘനങ്ങളുടെ എണ്ണം കൂടുന്നതാണ് നടപടിക്കു പിന്നില്‍. വാഹനം ആക്രിക്കാര്‍ക്കോ പൊളിക്കാനോ കൊടുക്കുന്നതിനു മുന്‍പ് വണ്ടിയുടെ ആര്‍.സി. (രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്) അതത് ആര്‍.ടി. ഓഫീസുകളില്‍ സമര്‍പ്പിച്ച്, നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ഇതിനുശേഷം മാത്രമേ വാഹനം പൊളിക്കാനും മറ്റും കൊടുക്കാവൂ എന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം. ആഴ്ചകള്‍ക്കു മുന്‍പ് ബൈക്ക് റേസിങ് നടത്തിയ ബൈക്കിനു വേണ്ടിയും ഉടമയ്ക്കു വേണ്ടിയും പോലീസുമായി ചേര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇത്തരത്തിലൊരു നിയമലംഘനത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.
ഇടപ്പള്ളി ഭാഗത്ത് നടത്തിയ പരിശോധനയില്‍ നിലവിലെ വാഹനത്തിന്റെ ഉടമ ബൈക്ക് 2019-ല്‍ ആക്രിക്കാരന് വില്‍ക്കുകയും ആര്‍.സി. തന്റെ കൈവശം തന്നെ സൂക്ഷിക്കുകയും ചെയ്യുകയായിരുന്നുവെന്ന് വ്യക്തമായി. ഇതേ വാഹനത്തിന്റെ ആര്‍.സി. നമ്പര്‍ ഉപയോഗിച്ച് ബൈക്ക് റേസിങ് നടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നിലവിലെ ആര്‍.സി. ഓണര്‍ ആര്‍.സി. സമര്‍പ്പിക്കാതെ വാഹനം പൊളിക്കാന്‍ വിട്ടുകൊടുത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വാഹനം പൊളിക്കുകയോ ആക്രിക്കാര്‍ക്ക് നല്‍കുകയോ ചെയ്യുന്നതിനു മുന്‍പ് ആര്‍.സി. രേഖ സമര്‍പ്പിക്കുന്നതുള്‍പ്പെടെ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള പരിശോധനകളും നടപടികളും ഭാവിയില്‍ തുടരും.