‘സ്ത്രീയായി ജീവിക്കുന്ന എന്നെ പോലുള്ളവർക്ക് മറ്റൊരു സ്ത്രീക്കൊപ്പം ജീവിതം പങ്കിടുന്നത് ദുസ്സഹം’

0

സ്ത്രീയാണെന്ന ചിന്തയിൽ ജീവിക്കുന്ന തന്നെ പോലെയുള്ളവർക്ക് മറ്റൊരു സ്ത്രീയോടൊപ്പം ജീവിതം പങ്കിടുന്നത് ദുസ്സഹമാണെന്നും സ്വന്തം ജൻഡർ തിരിച്ചറിഞ്ഞിട്ടും ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് മുൻപ് വിവാഹം കഴിക്കുന്നത് ശരിയല്ലെന്നും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും നടിയും ട്രാന്‍സ്‌ജെന്‍ഡറുമായ സീമ വിനീത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് സീമയുടെ ഇൗ തുറന്നു പറച്ചിൽ. സീമയുടെ വാക്കുകൾ ഇങ്ങനെ; ‘രണ്ടും മൂന്നും വിവാഹം കഴിച്ചതിനു ശേഷം ഞാൻ ട്രാൻസ് ആണ് എന്ന് പറഞ്ഞു ലിംഗമാറ്റശസ്ത്രക്രിയ നടത്തുന്നവരോട് തീർത്തും വിയോജിപ്പ് മാത്രം. അവിടെ നിങ്ങൾ നശിപ്പിക്കുന്നത് സ്ത്രീകളുടെ ജീവിതം, ആ കുട്ടികളുടെ ജീവിതം അവർക്കു കിട്ടേണ്ട മാതാപിതാക്കളുടെ സ്നേഹവും ചേർത്ത് നിർത്തലുകളുമാണ്. ഇത് ആരേലും ചോദ്യം ചെയ്യാൻ വന്നാൽ നിങ്ങളിൽ നിന്നും കിട്ടുന്ന ഉത്തരം സാഹചര്യം, സെക്ഷ്വാലിറ്റി, ഇങ്ങനെ കുറെ പുകമറകൾ അല്ലേ.

ഞാൻ ഒന്നു ചോദിക്കട്ടെ. വീട്ടുകാരുടെ നിർബന്ധത്തിന് വിധേയമായി വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു എന്ന് പറയുന്നു ചിലർ. അവിടെ റൂമിനുള്ളിലും വീട്ടുകാരുടെ നിർബന്ധത്തിന് വിധേയമായി ആണോ നിങ്ങൾ ആ സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ? അതോ അതിനുള്ള മറുപടി ആ സ്ത്രീകൾ പീഡിപ്പിച്ചു എന്നാണോ.’ ‘മനസ്സുകൊണ്ടും ശരീരം കൊണ്ടും കുട്ടികാലം മുതൽ ഓർമ്മ വെച്ച നാളുകൾ മുതൽ ഞാൻ സ്ത്രീയാണ് എന്ന ചിന്തയിൽ ജീവിക്കുന്ന എന്നെ പോലെയുള്ളവർക്ക് ഒരു സ്ത്രീയോടൊപ്പം ജീവിതം പങ്കിടുന്നത് ദുസ്സഹമാണ്. അത് മാത്രമല്ല ഒരു വിവാഹം കഴിച്ചത് വീട്ടുകാരുടെ നിർബന്ധത്തിൽ ആണെങ്കിൽ, വീണ്ടും വീണ്ടും വിവാഹം കഴിച്ചവരോ. അത് മറ്റുള്ളവരിൽ മോശം ചിന്താഗതി സൃഷ്ട്ടിക്കുകയല്ലേ. ഇതെല്ലാം കഴിയുമ്പോൾ ചിലരുടെ മറുപടി ഇതൊക്കെ നടന്നതിനു ശേഷം ആണത്രേ അറിഞ്ഞത്. ഒരിക്കലും മറ്റുള്ളവരുടെ ജീവിതം ചവിട്ടി അരച്ച് സ്വന്തം ജീവിതം കെട്ടിപ്പെടുക്കരുത്. അതിനു ഇത്ര കഷ്ടപ്പെട്ട് ശരീരം കീറി മുറിച്ചു മാറ്റിയിട്ടോ വസ്ത്രം മാറ്റിയിട്ടോ യാതൊരു വിധകാര്യങ്ങളും ഇല്ല.’

Spread the love

Leave a Reply

Your email address will not be published. Required fields are marked *