രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍, നയിക്കാന്‍ ഋഷഭ് പന്ത്

0
RHUSHAF

ഗുവാഹത്തി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് മുതല്‍. പരമ്പര സമനിലയില്‍ എത്തിക്കാന്‍ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. ദക്ഷിണാഫ്രിക്ക ചരിത്ര നേട്ടത്തിനരികിലാണ്. 25 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ അവര്‍ക്ക് ജയമോ ഒരു സമനിലയോ മതി. ജയിച്ചാല്‍ 2-0ത്തിനു പരമ്പര തൂത്തുവാരാം. സമനിലയില്‍ പിരിഞ്ഞാല്‍ 1-0ത്തിനു പരമ്പര നേടാം. ജയം ഇന്ത്യയ്ക്കാണെങ്കില്‍ പരമ്പര 1-1നു സമനിലയില്‍. 2000ത്തില്‍ ഹാന്‍സി ക്രോണ്യെയുടെ നേതൃത്വത്തിലുള്ള പ്രോട്ടീസ് സംഘമാണ് അവസാനമായി ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടിയത്. ഇന്ന് രാവിലെ 9 മുതല്‍ ഗുവാഹത്തിയിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.

പരിക്കേറ്റു പുറത്തായ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ രണ്ടാം ടെസ്റ്റ് കളിക്കുന്നില്ല. വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്താണ് ടീമിനെ നയിക്കുന്നത്. ആദ്യ ടെസ്റ്റ് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക. ഇന്ത്യയ്ക്ക് സ്വന്തം മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര നഷ്ടം കൂടി താങ്ങാനാകില്ല. അതിനാല്‍ തന്നെ ശക്തമായ പോരാട്ടം ഇന്ത്യ പുറത്തെടുക്കുമെന്നു പ്രതീക്ഷിക്കാം.

കൊല്‍ക്കത്തയിലെ സ്പിന്‍ അനുകൂല പിച്ചില്‍ അടപടലം വീണു പോയാണ് ഇന്ത്യ ഒന്നാം ടെസ്റ്റ് പരാജയപ്പെട്ടത്. ടീമിനു നേരെ കടുത്ത വിമര്‍ശനവും ഉയര്‍ന്നിരുന്നു. ന്യൂസിലന്‍ഡിനോടാണ് ഇന്ത്യ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര അടിയറവ് വച്ചത്. മറ്റൊരു പരമ്പര നഷ്ടത്തിന്റെ വക്കിലാണ് ടീം. ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കുന്ന 38ാം നായകനാണ് പന്ത്. ഗില്ലിനു പകരം സായ് സുദര്‍ശനും അക്ഷര്‍ പട്ടേലിനു പകരം നിതീഷ് കുമാര്‍ റെഡ്ഡിയും ഇന്ത്യന്‍ ഇലവനില്‍ എത്തും. സായ് മൂന്നാം നമ്പറിലും ധ്രുവ് ജുറേല്‍ നാലാം നമ്പറിലും ബാറ്റിങിനു ഇറങ്ങും.

കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ക്കുന്നതില്‍ മുന്നില്‍ നിന്നത് സ്പിന്നര്‍ സൈമണ്‍ ഹാമറാണ്. രണ്ടിന്നിങ്‌സിലുമായി നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തിയാണ് താരം ഇന്ത്യയെ പരീക്ഷിച്ചത്. ഇത്തവണയും ഹാമറില്‍ നിന്നു ടീം കൂടുതല്‍ പ്രതീക്ഷിക്കുന്നു. കഗിസോ റബാഡ രണ്ടാം ടെസ്റ്റിലും കളിച്ചേക്കില്ല. സ്പിന്‍ ഓള്‍ റൗണ്ടറെ കളിപ്പിക്കാന്‍ തീരുമാനിച്ചില്‍ സെനുറന്‍ മുത്തുസാമി ടീമിലെത്തും. റിയാന്‍ മള്‍ഡറായിരിക്കും പുറത്തിരിക്കേണ്ടി വരിക.

പിച്ച് തുടക്കത്തില്‍ ബാറ്റര്‍മാരെ തുണയ്ക്കുന്നതാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്പിന്‍ അനുകൂലമായിരിക്കും. അതിനാല്‍ ടോസ് ഇരു ടീമുകള്‍ക്കും നിര്‍ണായകം.ഗുവാഹത്തിയില്‍ നേരത്തെയാണ് സൂര്യാസ്തമയം. അതിനാലാണ് ഇന്നത്തെ മത്സരം 9 മുതല്‍ ആരംഭിക്കുന്നത്. 11 മണിക്ക് ആദ്യ സെഷന്‍ അവസാനിക്കും. ലഞ്ചിനു മുന്‍പുള്ള ചായ ഇടവേളയാണിത്. 12 മണിക്ക് ഉച്ച ഭക്ഷണത്തിനു പിരിയും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *