ഐപിഒ നിക്ഷേപകരിൽ 54% ഓഹരികൾ ഒരാഴ്ചയ്ക്കുള്ളിൽ ലാഭത്തിനായി വിറ്റതായി സെബി റിപ്പോർട്ട്
ഐപിഒ വഴി ലഭിച്ച ഓഹരികള്‍ ഉടനെ വിറ്റ് ലാഭമെടുക്കാനാണ് നിക്ഷേപകര്‍ക്ക് താത്പര്യമെന്ന് സെബിയുടെ കണ്ടെത്തല്‍. പ്രാരംഭ ഓഹരി വില്പന വഴിയുള്ള 54 ശതമാനം ഓഹരികളും വിപണിയില്‍ ലിസ്റ്റ് ചെയ്ത് ഒരാഴ്ചക്കുള്ളില്‍ നിക്ഷേപകര്‍ വിറ്റൊഴിവാക്കുന്നതായാണ് പഠനത്തില്‍ കണ്ടെത്തിയത്.
2021 ഏപ്രിലിനും 2023 ഡിസംബറിനും ഇടയില്‍ ലിസ്റ്റ് ചെയ്ത 144 കമ്പനികളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പഠനം. റീട്ടെയില്‍ നിക്ഷേപകര്‍ ഒഴികെയുള്ള സ്ഥാപനേതര വിഭാഗത്തില്‍ 63.3 ശതമാനവും ചെറുകിടക്കാരില്‍ 42.7 ശതമാനവും ഓഹരികള്‍ വിറ്റൊഴിഞ്ഞു.
ലിസ്റ്റ് ചെയ്യുമ്പോള്‍ നഷ്ടത്തിലാകുന്ന ഓഹരികളേക്കാള്‍ നേട്ടത്തിലാകുന്നവയിലാണ് ഈ പ്രവണത കൂടുതലെന്ന് പഠനം പറയുന്നു. ഒരാഴ്ചക്കിടെ ഓഹരി വില 20 ശതമാനം ഉയര്‍ന്നപ്പോള്‍ ചെറുകിട നിക്ഷേപകരില്‍ 67.6 ശതമാനവും വിറ്റ് ലാഭമെടുത്തു.
അതേസമയം, ഐപിഒ വഴി ഓഹരികള്‍ സമാഹരിക്കുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ കൂടുതല്‍ കാലം നിക്ഷേപം നിലനിര്‍ത്തുന്നതായും കണ്ടെത്തി. അനുവദിച്ച ഓഹരി മൂല്യത്തിന്റെ 3.3ശതമാനമാത്രമാണ് ഒരാഴ്ചക്കുള്ളില്‍ ഇവര്‍ വിറ്റത്. ബാങ്കുകളാകട്ടെ ഒരാഴ്ചക്കുള്ളില്‍ 79.8 ശതമാനം മൂല്യവരുന്ന ഓഹരികളും വിറ്റഴിക്കാന്‍ തിരക്കുകൂട്ടിയതായി സെബി വിലയിരുത്തുന്നു.
ഐപിഒ നിക്ഷേപകരില്‍ 70ശതമാനം പേരും നാല് സംസ്ഥാനങ്ങളില്‍നിന്നാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്, ഉത്തര്‍പ്രദേശ് എന്നിവയാണ് നിക്ഷേപകരുടെ എണ്ണത്തില്‍ മുന്‍നിരയിലുള്ള സംസ്ഥാനങ്ങള്‍. ഗുജറാത്തില്‍നിന്നുള്ള ചെറുകിട നിക്ഷേപകര്‍ക്ക് വിഹിതത്തിന്റെ 39.3 ശതമാനം ലഭിച്ചു. മഹാരാഷ്ട്രയില്‍ ഇത് 13.5 ശതമാനവും രാജസ്ഥാനില്‍ 10.5ശതമാനവുമാണ്.